കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി പാർക്കിലെ കുളത്തില്‍ വീണു; രക്ഷകനായി സ്വദേശി പൗരൻ

പാർക്കിലെ ജലാശയത്തിൽ വീണു മുങ്ങി താഴുകയായിരുന്ന അഞ്ച് വയസുകാരിയെ സൗദി പൗരൻ രക്ഷിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുള്ള അൽ-തിലാൽ പാർക്കിനുള്ളിലെ ജലാശയത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ജലാശയത്തിൽ വീണുപോയ അഞ്ചുവയസുകാരിയെ വെള്ളത്തിലേക്ക് എടുത്തുചാടി സ്വദേശി പൗരൻ അലി അൽ-മാരി പൊക്കി എടുക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സൗദി പൗരന്റെ ധീരതയെ പ്രകീർത്തിച്ച് ധാരാളം അഭിപ്രായങ്ങളും അഭിനന്ദനങ്ങളും എത്തുന്നുണ്ട്. കുടുംബത്തോടൊപ്പം ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ അൽ-തിലാൽ പാർക്കിൽ എത്തിയതായിരുന്നു അലി അൽ-മാരി. ആ സമയമാണ് പാർക്കിലെ ജലാശയത്തിൽ പെൺകുട്ടി വീഴുന്നത്. കുട്ടിയെ രക്ഷിക്കാൻ സ്ത്രീകൾ സഹായത്തിനായി നിലവിളിക്കുന്നത് കേട്ട് ഇദ്ദേഹം ഓടിയെത്തി തടാകത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ജലാശയത്തിൽ നീന്തി കുട്ടിയുടെ അടുത്തെത്തി കോരിയെടുത്തു കരയിലേക്ക് എത്തിക്കുകയായിരുന്നു.

 

പെൺകുട്ടിക്ക് ആവശ്യമായ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലേക്ക് മാറ്റി. ബാലികയുടെ ജീവൻ രക്ഷിക്കുന്നതിനിടെ അൽ-മാരിക്ക് പരിക്കേറ്റു. എന്നാൽ മരണത്തിൽനിന്ന് ഒരു ജീവൻ രക്ഷിച്ചതാണ് പ്രധാനമെന്നും അതിനിടയിൽ തനിക്ക് പരിക്കേറ്റത് ഒരു പ്രശ്നമല്ലെന്നും മനുഷ്യത്വപരമായ കടമയാണ് താൻ നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!