നിമിഷപ്രിയയുടെ മോചനത്തിന് നവംബര്‍ 9ന് സുപ്രധാന യോഗം, മോചനശ്രമങ്ങൾ തുടരുകയാണെന്ന് യൂസഫലി

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പപേക്ഷയ്ക്ക് അനുമതി നൽകണമെന്നുള്ളതാണ് മോചനം വൈകിപ്പിക്കുന്നത്. പ്രശ്നപരിഹാരത്തിനായി യെമനില്‍ നിന്നുള്ളവരെ അടക്കം ഉൾപ്പെടുത്തി നവംബർ 9ന് ദുബായിൽ യോഗം വിളിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.

നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ. ഒരുപക്ഷേ കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് ബ്ലഡ് മണി വാഗ്ദാനം ചെയ്യുകയും, അവർ അത് സ്വീകരിക്കാൻ തയ്യാറാവുകയും മാത്രമാണ് രക്ഷാമാർഗ്ഗം. യെമൻ പൗരന്റെ ബന്ധുക്കൾക്ക് ദിയാധനം നൽകി ഒത്തു തീർപ്പിലെത്താമോ എന്ന പരിശ്രമങ്ങളാണ് പുരോഗമിക്കുന്നത്. നാലു കോടിയോളം രൂപയാണ് ബ്ലഡ് മണിയായി കൊടുക്കേണ്ടത്.

പിറന്നാൾ ആശംസ അറിയിക്കാൻ എത്തിയപ്പോൾ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യൂസഫലിയോട് നിമിഷപ്രിയയുടെ മോചനത്തിന്‍റെ വിശദാംശങ്ങൾ തേടിയിരുന്നു. യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എം എ യൂസഫലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്‍റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കറും അറിയിച്ചിരുന്നു. ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനാണ് കേന്ദ്രമന്ത്രി അനുകൂല മറുപടി നൽകിയത്.

നിയമപരമായ വഴികൾ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവർക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേർന്ന് സർക്കാർ പരിശോധിക്കുകയാണെന്നാണ് അന്ന് കേന്ദ്രം മറുപടി നല്‍കിയത്. 2017  ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദി പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!