ജിദ്ദ-കോഴിക്കോട് സ്‌പൈസ്‌ജെറ്റ് വിമാനം വൈകുന്നു, ജിദ്ദയിലും കരിപ്പൂരിലും യാത്രക്കാർ കുടുങ്ങി

സൌദിയിലെ ജിദ്ദ വിമാനത്താവളത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന യാത്രക്കാർ  വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ രാത്രി 9.50ന് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.

ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് രാവിലെ 9 മണിക്ക് പുറപ്പെടുമെന്നായിരുന്നു യാത്രക്കാരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് യാത്രക്കാർ വിമാനത്താവളത്തിലെത്തിയെങ്കിലും, വിമാനം എത്തിയിരുന്നില്ല.

പിന്നീട് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കരിപ്പൂരിൽ നിന്ന് വിമാനം പുറപ്പെടുമെന്നും, ആ വിമാനത്തിൽ ഇന്നലെ പോകേണ്ടിയിരുന്ന യാത്രക്കാർക്ക് പുറപ്പെടാമെന്നും യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാൽ വിമാനം ഇത് വരെ കരിപ്പൂരിൽ നിന്ന് പുറപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. 160 ലധികം യാത്രക്കാരാണ് ജിദ്ദ വിമാനത്താവളത്തിലും കരിപ്പൂരിലും കുടുങ്ങിയത്.

അതേ സമയം ജിദ്ദയിലേക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പുറപ്പെടാൻ വൈകുന്നത് മൂലം കരിപ്പൂരിലും നിരവധി യാത്രക്കാർ കുടുങ്ങികിടക്കുന്നതായി യാത്രക്കാർ അറിയിച്ചു. വിമാനം വൈകുന്നതിനെതിരിൽ യാത്രക്കാർ സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥരുമായി വാക്ക് തർക്കമുണ്ടായതായും യാത്രക്കാർ അറിയിച്ചു.

കുട്ടികളും സ്ത്രീകളും ഉംറ തീർഥാടകരുമുൾപ്പെടെ നിരവധി പേരാണ് ഇരു വിമാനത്താവളങ്ങളിലും കുടുങ്ങിയത്. ചിലരുടെ വിസാ കാലാവധി ഇന്ന് രാത്രി അവസാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വിമാനം വൈകുന്നത് സംബന്ധിച്ച് പ്രതികരിക്കാൻ സ്പൈസ് ജെറ്റ് തയ്യാറായിട്ടില്ല. യാത്ര പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നാണ് സ്പൈസ് ജെറ്റ് അറിയിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!