ഷാരോൺ വധക്കേസ്: കൊലയാളി ഗ്രീഷ്മ അറസ്റ്റിൽ, ഷാരോണിൻ്റെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും
പാറശാലയിൽ ഷാരോണെന്ന യുവാവിനെ കഷായത്തിൽ വിഷം ചേർത്തുനൽകി കൊന്ന കേസിൽ പ്രതി ഗ്രീഷ്മ അറസ്റ്റിൽ. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്.
ഗ്രീഷ്മയുടെ മൊഴി ആശുപത്രിയിലെത്തി രേഖപ്പെടുത്തിയ ശേഷം മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ഗ്രീഷ്മയുടെ ബന്ധുക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്.
ഇതിനിടെ ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണസംഘം. ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. എ.എസ്.പി. സുള്‍ഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ഓഫീസില്‍ ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്.
കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. അമ്മയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കിയതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ കുടുംബം വീണ്ടും ഉന്നയിച്ചു. ഒക്ടോബര്‍ 14-ാം തീയതി ഗ്രീഷ്മയുടെ വീട്ടില്‍പോയപ്പോള്‍ ഷാരോണ്‍ കൊണ്ടുപോയിരുന്ന ബാഗും കുടുംബം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു.
പ്രതിയുമായി ഇന്ന് അന്വേഷണസംഘത്തിന്റെ തെളിവെടുപ്പുണ്ടാകില്ല. ആത്മഹത്യാശ്രമത്തിന് പിന്നാലെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് തെളിവെടുപ്പ് മാറ്റിവെച്ചത്. ആരോഗ്യനില തൃപ്തികരമാണെങ്കിലും ഗ്രീഷ്മ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാവിലെയാണ് നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍വെച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ കയറിയ യുവതി, ഇവിടെയുണ്ടായിരുന്ന അണുനാശിനി കുടിച്ച് പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് ജീപ്പിലേക്ക് നടന്നുപോകുന്നതിനിടെ ഛര്‍ദിച്ചു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക