സ്വകാര്യചിത്രവും വീഡിയോയും ഷാരോണിൻ്റെ ഫോണിൽ, പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു; ഗ്രീഷ്മയുടെ മൊഴി

കാമുകി ഗ്രീഷ്മ (22) നൽകിയ കഷായവും ജൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് (23) മരിച്ച സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചന നൽകി പൊലീസ്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.

റൂറല്‍ എസ്.പി. ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായി വീണ്ടും ചോദ്യംചെയ്തു. ഒരാളെ റൂറല്‍ എസ്.പി. ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്‌റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അതിനാല്‍തന്നെ ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.

 

ഗ്രീഷ്മയുടെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് ഷാരോണിന്റെ വീട്ടുകാരുടെ ആരോപണം. ഷാരോണിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറ‍ഞ്ഞത്. കോളജ് യാത്രയ്ക്കിടെയിലാണ് ഇരുവരും പ്രണയത്തിലായത്. മറ്റൊരു ചെറുപ്പക്കാരന്റെ വിവാഹ ആലോചന വന്നതോടെ ഗ്രീഷ്മ ഷാരോണിൽനിന്ന് അകലാൻ ശ്രമിച്ചു. വ്യത്യസ്ത ജാതിയിലുള്ളവരായതിനാൽ വീട്ടുകാർ സമ്മതിക്കില്ലെന്നും പിരിയാമെന്നും ഗ്രീഷ്മ പറഞ്ഞെങ്കിലും ഷാരോൺ തയാറായില്ല.

പ്രണയത്തിലായിരുന്നപ്പോൾ കൈമാറിയ ഫോട്ടോകളും വിഡിയോകളും ഷാരോണിന്റെ ഫോണിലുണ്ടായിരുന്നതായി ഗ്രീഷ്മ പറയുന്നു. ഇക്കൂട്ടത്തിൽ ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഉണ്ടായിരുന്നു. ഇത് പ്രതിശ്രുത വരനു കൈമാറുമോയെന്ന് ഗ്രീഷ്മ ഭയന്നു. വിഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യാൻ പലതവണ അഭ്യർഥിച്ചിട്ടും ഷാരോണ് അനുസരിച്ചില്ല. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ലെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ഇങ്ങിനെ ഷാരോണിനോട് വൈരാഗ്യം ഉണ്ടായതായാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. തുടർന്നാണ് വിഷം നൽകാൻ പദ്ധതിയിട്ടത്. സംശയം തോന്നാതിരിക്കാൻ ഷാരോണിനോട് കൂടുതൽ അടുക്കുകയും ചെയ്തു.

 

ഗ്രീഷ്മയുടെ അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്നു പൊലീസ് പറയുന്നു. ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത വന്നേക്കും. ഒരാൾക്കു മാത്രമായി കൊലപാതകം ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുകാർക്ക് പങ്കില്ലെന്നാണ് ഗ്രീഷ്മ പൊലീസിനു നൽകിയ മൊഴിയെങ്കിലും  മുഖവിലയ്ക്കെടുത്തിട്ടില്ല. ഷാരോണും സുഹൃത്തും ബൈക്കിൽ ഗ്രീഷ്മയുടെ വീട്ടിലേക്കു പോകുന്നത് ഗ്രീഷ്മയുടെ അമ്മ കണ്ടിരുന്നു.

ചാറ്റിൽ ഷാരോൺ ഇക്കാര്യം ഗ്രീഷ്മയോട് പറഞ്ഞിട്ടുമുണ്ട്. ഷാരോൺ വീട്ടിലെത്തിയത് അറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. ഗ്രീഷ്മ ഇടയ്ക്ക് ഷാരോണിന്റെ വീടിനടുത്തുള്ള അമ്മാവന്റെ വീട്ടിൽ വന്നു താമസിച്ചിരുന്നു. കർഷകനായ അമ്മാവന്റെ വീട്ടിൽനിന്നാണ് ഗ്രീഷ്മയ്ക്കു കീടനാശിനി കിട്ടിയതെന്നാണ് വിവരം. കീടനാശിനി ബന്ധുക്കളാണോ നൽകിയതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച് ഗ്രീഷ്‌മ; അണുനാശിനി കുടിച്ചു, ആശുപത്രിയിൽ

 

Share
error: Content is protected !!