അയൽവാസികളായ കുഞ്ഞുമക്കളുടെ ദാരുണാന്ത്യത്തിൽ നടുങ്ങി നാട്

അയൽവാസികളായ കുട്ടികളുടെ ദാരുണാന്ത്യത്തിൽ നടുങ്ങി നാട്. തിരൂർ ഫയര്‍‌സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് മൂന്നും നാലും വയസ്സുള്ള കുട്ടികൾ കുളത്തിൽ വീണുമരിച്ചത്. കാവുങ്ങപ്പറമ്പിൽ നൗഷാദ്-നജ്‌ല ദമ്പതികളുടെ മകൻ അമൻ സയാൻ (3), പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ റഷീദ്-റൈഹാനത്ത് ദമ്പതികളുടെ മകൾ ഫാത്തിമ റയ (4) എന്നിവരാണ് മരിച്ചത്.

കുട്ടികൾ പുറത്തേക്ക് ഇറങ്ങിവന്ന് അൽപസമയം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അപ്പോൾ വീട്ടിൽ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ കുട്ടികളെ എടുത്ത് കരക്ക് കിടത്തി. പിന്നീട് ഇവിടെയെത്തിയ പ്രദേശവാസിയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

അയല്‍വാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികള്‍. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഇവരുടെ വീടുകള്‍ക്ക് സമീപത്താണ് കുളം ഉള്ളത്. കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. ഇരുവരും സമീപത്തെ അംഗവാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അവിടെ പോയി അന്വേഷിച്ചോള്‍ അങ്ങോട്ടേക്കെത്തിയില്ലെന്ന് വിവരം ലഭിച്ചു. പിന്നീടാണ് കുട്ടികളുടെ മൃതദേഹം പെരുങ്കൊല്ലം കുളം എന്ന പേരുള്ള കുളത്തില്‍ കണ്ടെത്തിയത്. കുളത്തിന് ഗെയ്റ്റ് ഉണ്ടായിരുന്നതായാണ് വിവരം.

കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലാണുള്ളത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!