ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയ ഇന്തോനേഷ്യൻ കറസിയുടെ മൂല്യം അടിക്കടി തകരുന്നു; കെജ്രിവാളിൻ്റെ അഭ്യർഥന വിവാദത്തിൽ

കറൻസി നോട്ടിൽ ലക്ഷ്മീ ദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഭ്യർഥന വിവാദത്തിൽ.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി മെച്ചപ്പെടാനുള്ള മാർഗമെന്ന നിലയിലാണ് കേജ്‌രിവാൾ ഇക്കാര്യം മുന്നോട്ടുവച്ചത്. ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയ ഇന്തൊനേഷ്യൻ കറൻസിയുടെ ഉദാഹരണം സഹിതമായിരുന്നു കേജ്‌രിവാളിന്റെ ഈ പരാമർശം.

അതേസമയം, മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഇന്തൊനേഷ്യയിൽ കറൻസിയായ റുപിയ കേജ്‌രിവാൾ ഉദാഹരിച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. ഇന്നത്തെ വിനിമയ നിരക്കിൽ 1000 ഇന്തൊനേഷ്യൻ റുപിയ എന്നാൽ 5.27 ഇന്ത്യൻ രൂപ മാത്രമാണ്. അതായത് 1,000 ഇന്ത്യൻ രൂപ ലഭിക്കണമെങ്കിൽ 1.89 ലക്ഷം ഇന്തൊനേഷ്യൻ റൂപിയ നൽകണം.

 

കേജ്‌രിവാൾ പറഞ്ഞത്:

‘‘എത്ര ആത്‌മാർഥമായി പരിശ്രമിച്ചാലും ചില സമയത്ത് ദൈവങ്ങളുടെ അനുഗ്രഹമില്ലെങ്കിൽ നമ്മുടെ പ്ര‌യത്നം ഫലമണിയുകയില്ല. നമ്മുടെ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർഥിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടണമെങ്കിൽ ഈശ്വരാനുഗ്രഹം കൂടി വേണം. ജനസംഖ്യയിൽ രണ്ടുശതമാനത്തിൽ താഴെ മാത്രം ഹിന്ദുക്കളുള്ള, മുസ്‌ലിം രാജ്യമായ ഇന്തൊനീഷ്യയുടെ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ഉൾപ്പെടുത്തിയെങ്കിൽ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് എന്തുകൊണ്ട് ഇത്തരം തീരുമാനം സ്വീകരിച്ചു കൂടാ? ഒരുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രവും മറുവശത്ത് ഗാന്ധിജിയുടെയും ചിത്രവും വയ്ക്കണം. ഈ കാര്യം ആവശ്യപ്പെട്ട് വൈകാതെ തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും.’’

 

ഇന്തൊനീഷ്യയിൽ ഇങ്ങനെ:

20,000 റുപിയ കറൻസി നോട്ടിലാണ് ഗണപതിയുടെ ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രമുള്ള ഒരേയൊരു രാജ്യം കൂടിയാണിത്. ഗണപതിയുടെ ചിത്രത്തിനൊപ്പം അതേ വശത്തുതന്നെ ഇന്തൊനീഷ്യയുടെ പ്രമുഖ നേതാവായിരുന്ന കി ഹാജർ ദേവാന്തരയുടെ ചിത്രവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മറുവശത്ത് ക്ലാസ്മുറിയിൽ കുട്ടികൾ പഠിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം രാജ്യവും മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യവുമാണ് ഇന്തൊനീഷ്യ. ഇസ്‌ലാം, പ്രൊട്ടസ്റ്റന്റ്, റോമൻ കത്തോലിക്കർ, ഹിന്ദു, ബുദ്ധ, കൺഫൂഷ്യനിസം എന്നീ ആറു മതങ്ങളെ ഇന്തൊനീഷ്യ അംഗീകരിച്ചിട്ടുണ്ട്. ഇന്തൊനീഷ്യയുടെ ചില ഭാഗങ്ങൾ ഒരിക്കൽ ചോള സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നതായും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അവശേഷിപ്പുകളായുള്ള ക്ഷേത്രങ്ങളും ഇവിടെയുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

ഇതുംകൂടി വായിക്കുക..

കറൻസിയിൽ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തണം: മോദിയോട് ആവശ്യപ്പെട്ട് കേജ്‍രിവാൾ

 

Share
error: Content is protected !!