ഇന്തോനേഷ്യയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങി. ഒരുദിവസത്തിന് ശേഷം പാമ്പിനെ പിടികൂടി വയറ് കീറി മുറിച്ച് മൃതദേഹം പുറത്തെടുത്തു-വീഡിയോ

ഇന്തോനേഷ്യയിലെ ഒരു സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങി. ജാംബി പ്രവിശ്യയിലാണ് സംഭവം.  വീടിനടത്തുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കിടെ 52 കാരിയായ ജഹ്റ എന്ന സ്ത്രീയെയാണ് പാമ്പ് വിഴുങ്ങിയത്.

ഞായറാഴ്ച രാവിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് പോയതായിരുന്നു ജഹ്റ. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ കാണാതായ ജഹ്റയുടെ ചില വസ്ത്രങ്ങളും ജോലിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തി. തുടർന്ന് ഏറെ നേരം പരിസരങ്ങളിൽ തെരഞ്ഞെങ്കിലും ജഹ്റയെ കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് ഭർത്താവ് അധികൃതരെ വിവരമറിയിച്ചു.

വിവരമറിഞ്ഞെത്തിയ പ്രത്യേക സംഘം വീടിനടുത്തുള്ള റബ്ബർ തോട്ടത്തിലും പരിസരപ്രദേശങ്ങളിലും നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിൽ ഒരു ദിവത്തിന് ശേഷം വീർത്തവയറുമായി ഒരു വലിയ പെരുമ്പാമ്പിനെ കണ്ടെത്തി. ഏകദേശം 5 മീറ്റർ (16 അടി) നീളമുണ്ടായിരുന്നു പാമ്പിന്. സംശയം തോന്നിയ നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി കൊന്ന് വയർ കീറി മുറിച്ചു. വയറിനകത്ത് കാണാതായ ജഹ്റയുടെ മൃതദേഹം കണ്ടെത്തി.

പാമ്പിൽ നിന്നും രണ്ട് മണിക്കൂറോളം അതികഠിനമായ ആക്രണം നേരിട്ടശേഷമായിരിക്കും ജഹ്റയെ പാമ്പ് വിഴുങ്ങിയിട്ടുണ്ടാവുക എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം വലിയ ഇരകളെ വിഴുങ്ങാൻ തുടങ്ങുന്നതിന് മുമ്പ് ഇരയെ ചുറ്റിമുറുക്കി ഞെരുക്കി ചലനശേഷി നഷ്ടപ്പെടുത്തും. അതിന് ശേഷമാണ് വിഴുങ്ങി തുടങ്ങുക.

ജീവൻ നഷ്ടപ്പെട്ടിരുന്നുവെങ്കിലും, ജഹ്റയുടെ ശരീരത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലായിരുന്നുവെന്ന് ബെറ്റാറ ജാംബി പോലീസ് മേധാവി എകെപി എസ് ഹരേഫ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ലോകത്ത് അപൂർവമാണെങ്കിലും ഇന്തോനേഷ്യയിൽ ഒരാളെ പെരുമ്പാമ്പ് കൊന്ന് തിന്നുന്നത് ഇതാദ്യമല്ല. 2017 നും 2018 നും ഇടയിൽ സമാനമായ രണ്ട് മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പെരുമ്പാമ്പുകൾ അവരുടെ ഭക്ഷണം മുഴുവൻ വിഴുങ്ങുകയാണ് പതിവ്. അവയുടെ താടിയെല്ലുകൾ വളരെ വഴക്കമുള്ള ലിഗമെന്റുകളാൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അവയ്ക്ക് വലിയ ഇരയെ വിഴുങ്ങുവാൻ ഏറെ സഹായകരമാണ്.

പെരുമ്പാമ്പുകൾ സാധാരണയായി എലികളെയും മറ്റ് ചെറു ജീവികളേയും ഭക്ഷിക്കാറുണ്ടെങ്കിലും, അവ നിശ്ചിത വലുപ്പമെത്തിക്കഴിഞ്ഞാൽ പിന്നീട് ചെറിയ ജീവികൾ മതിയാകാതെ വരും. അത്തരം ഘട്ടങ്ങളിലാണ് വലിയ ഇരകളെ പിടിക്കുകയെന്ന് വിദഗ്ധർ പറയുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

Share
error: Content is protected !!