ശ്രീരാമകൃഷ്ണൻ്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന; മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളി
മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രതികരണത്തിന് പിന്നാലെ അദ്ദേഹത്തിന് മറുപടി നല്‍കി സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടാണ് സ്വപ്‌ന മറുപടി നല്‍കിയിരിക്കുന്നത്.
ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചത്. കേസ് കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു.
ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ:
ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓർമപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് അഭ്യർഥിക്കുന്നു. അങ്ങനെയെങ്കിൽ ബാക്കി തെളിവുകൾ കൂടി ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് സാധിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
‘ചിത്രവധം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്’ എന്ന തലക്കെട്ടോടെയുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി.ശ്രീരാമകൃഷ്ണന്‍ തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയിരുന്നത്. അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയതരം ആരോപണങ്ങളിലേക്ക് ശൈലി മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.കുടുംബത്തോടൊപ്പമാണ് ഔദ്യോഗിക വസതിയില്‍ താമസിച്ചിരുന്നത്. അവിടെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേര്‍ ഉണ്ടാകാറുണ്ട്. അവരുടെയെല്ലാം കണ്ണുവെട്ടിച്ച് അവിടേക്ക് ആരെങ്കിലും ഒറ്റയ്ക്ക് വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
ഊഹാപോഹങ്ങളും അസത്യങ്ങളും, ബ്രേക്കിംഗ് ന്യൂസും തലക്കെട്ടുകളുമായി നിറയുമ്പോള്‍ ശൂന്യതയില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്വയം തിരുത്തി കൊള്ളട്ടെ എന്നാണ് കരുതിയിരുന്നത്. ആരോപണങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ടുപോകാനാവൂ. പാര്‍ട്ടിയുമായി ആലോചിച്ച് അക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക