ഒരാഴ്ചക്കിടെ മൂവായിരത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി

കുവൈത്തിൽ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ 3000 വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിച്ചു. നിയമവിരുദ്ധ മാർഗത്തിൽ എടുത്ത ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2 മാസത്തിനകം മുഴുവൻ ലൈസൻസുകളും പരിശോധിച്ചു ഉറപ്പുവരുത്താനാണ് നീക്കം.

വ്യക്തികൾ ലൈസൻസ് കൈമാറിയില്ലെങ്കിൽ മൊബൈൽ ഐഡി,  സഹേൽ ആപ്ലിക്കേഷൻ എന്നി വഴി തടയും. ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ പിടികൂടി നാടുകടത്തും. ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്.

ഇതിൽ ഏതാണ്ട് 2 ലക്ഷം ലൈസൻസുകൾ പിൻവലിക്കാൻ സാധ്യതയുണ്ട്. ഇതോടെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് സൂചന. ബിരുദധാരിയായ അപേക്ഷകൻ കുറഞ്ഞത് 2 വർഷം കുവൈത്തിൽ ജോലി ചെയ്യുകയും 600 ദിനാർ ശമ്പളം വാങ്ങുകയും ചെയ്യണമെന്നാണ് നിബന്ധന.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി മറ്റ് ഗൾഫ് രാജ്യങ്ങളും പിന്തുടരാൻ സാധ്യതയുണ്ടെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമ വിരുദ്ധ മാർഗ്ഗത്തിലൂടെ ഡ്രൈവിംങ് ലൈസൻസ് നേടിയ വിദേശികൾ മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉണ്ടെന്നാണ് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!