സൗദിയിൽ കോവിഡിൻ്റെ XBB വകഭേദം സ്ഥിരീകരിച്ചു. മറ്റു പകർച്ചവ്യാധികളും വർധിക്കുന്നു – ആരോഗ്യ വിഭാഗം

സൗദിയിൽ കോവിഡിൻ്റെ XBB വകഭേദം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഏതാനും പരിശോധനകളിലാണ് XBB വകഭേദം കണ്ടെത്തിയത്. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിവുള്ള വകഭേദമാണ് XBB. ഇതിന് പുറമെ ഒമിക്രോണ് ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളും പകർച്ചവ്യാധികളും രാജ്യത്ത് വർധിക്കുന്നതായി പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖായ) വ്യക്തമാക്കി.

ശൈത്യകാലത്തിന്റെ വരവോടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സീസണൽ ഇൻഫ്ലുവൻസയും കോവിഡ് 19 വൈറസുകളും കൂടുതൽ വ്യാപിക്കുകയാണ്. ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി അനുസരിച്ച് വൈറസ് ബാധയുടെ തീവ്രത ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തുടനീളമുള്ള അത്യാഹിത വിഭാഗങ്ങളിലും അടിയന്തര പരിചരണ കേന്ദ്രങ്ങളിലും കേസുകൾ വർധിച്ച് വരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എല്ലാവർക്കും അണുബാധയ്ക്കുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് സ്വീകരിക്കാത്തവർക്ക്. വരും ദിവസങ്ങളിൽ കേസുകൾ കൂടാനാണ് സാധ്യതയെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

കോവിഡ് 19 വൈറസുകൾക്കുണ്ടാകുന്ന മ്യൂട്ടേഷനുകൾ വ്യാപിക്കുന്നുണ്ട്. കോവിഡ് സ്ഥിരീകരിക്കുന്ന ആളുകളിൽ 75% “ഒമിക്രോൺ BA5, BA2” എന്നിവയുടെ ഉപ-മ്യൂട്ടന്റുകൾ കണ്ടുവരുന്നുണ്ട്. കൂടാതെ പരിമിതമായ എണ്ണം പോസിറ്റീവ് സാമ്പിളുകളിൽ “XBB” മ്യൂട്ടന്റും സ്ഥിരീകരിച്ചിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് കൂടുതലും കണ്ടുവരുന്നത്. രോഗം കണ്ടെത്തിയവരിൽ  ഇൻഫ്ലുവൻസ സ്‌ട്രെയിനുകളും കണ്ടെത്തിയതായി വെഖായ വ്യക്തമാക്കി. രാജ്യത്ത് സാധാരണയായി കണ്ട് വരുന്ന വൈറസ് ടൈപ്പ് ബി ക്ക് പുറമെ, H1N1 ന്റെ വൈറസ് ടൈപ്പ് എ, H3N2 സ്ട്രെയിനുകളും കണ്ടു വരുന്നുണ്ട്. 

ഈ സാഹചര്യത്തിൽ എല്ലാവരും കൊവിഡ്-19 വാക്‌സിന്റെ ഡോസുകൾ, ബൂസ്റ്റർ ഡോസുകൾ, ഇൻഫ്ലുവൻസ വാക്‌സിന്റെ സീസണൽ ഡോസ് എന്നിവ എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് വെഖായ ഊന്നിപ്പറഞ്ഞു.

പ്രത്യേകിച്ച് സങ്കീർണ രോഗങ്ങൾക്ക് സാധ്യതയുള്ളവർ,  പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയവർ കുത്തിവെപ്പെടുക്കാൻ ശ്രദ്ധിക്കണം.

ശ്വാസകോശ സംബന്ധമായ അണുബാധയ്‌ക്കെതിരെ പ്രതിരോധ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഉൾകൊണ്ടുകൊണ്ട് തുടർച്ചയായി കൈകൾ കഴുകുക, തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഹോം ഐസൊലേഷൻ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണമെന്നും വെഖായ ഓർമ്മിപ്പിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!