ഓൺലൈൻ ഗെയിമിലെ ബന്ധം, പെൺകുട്ടി സ്വകാര്യ വിഡിയോകളും ചിത്രങ്ങളും കൈമാറി; മുഴുവൻ ഉത്തരവാദിത്തവും രക്ഷിതാക്കൾക്കെന്ന് പൊലീസ്
ഓൺലൈൻ വഴി പരിചയപ്പെട്ട അജ്ഞാതൻ കൗമാരക്കാരിയെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ അബുദാബി അധികൃതർ നടപടി സ്വീകരിച്ചു. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിക്കുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തിയതായി അബുദാബി പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വകുപ്പിലെ ചൈൽഡ് ക്രൈംസ് ഡിപ്പാർട്ട്‌മെന്റ് തലവൻ ലഫ്. കേണൽ അഹമ്മദ് മുബാറക് അൽ ഖുബൈസി പറഞ്ഞു.
ഇലക്ട്രോണിക് ഗെയിമിനിടെയായിരുന്നു പെൺകുട്ടി യുഎഇയ്ക്ക് പുറത്തു താമസിക്കുന്ന പ്രതിയുമായി സൗഹൃദത്തിലായത്. അവരുടെ ബന്ധം വൈകാതെ ശക്തമായി. സമൂഹമാധ്യമത്തിലൂട ഫോട്ടോകളും വിഡിയോകളും കൈമാറാനും തുടങ്ങി. പിന്നീട്, പണം അയച്ചില്ലെങ്കിൽ ഇൗ ചിത്രങ്ങളും വിഡിയോകളും പരസ്യപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി. ഉടൻ തന്നെ പൊലീസ് നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
മുഴുവൻ ഉത്തരവാദിത്തവും രക്ഷിതാക്കൾക്ക്
കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനും അവർ കളിക്കുന്ന ഇലക്ട്രോണിക് ഗെയിമുകളിൽ ശ്രദ്ധ ചെലുത്തുന്നതിനുമുള്ള മുഴുവൻ ഉത്തരവാദിത്തവും രക്ഷിതാക്കൾക്കാണെന്ന് അൽ ഖുബൈസി പറഞ്ഞു. കുട്ടികൾ തട്ടിപ്പിനു ഇരയാകുന്നത് തടയാൻ അവരുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കണം. “നമ്മുടെ രാജ്യം ഒരു വിശ്വാസമാണ്” എന്ന പരിപാടിയിലൂടെ കുട്ടികൾക്കും കൗമാരക്കാർക്കും എതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളുടെ കേസുകളിലും റിപോർട്ടുകളിലും നടപടി സ്വീകരിച്ചതായി അബുദാബി പൊലീസ് പറഞ്ഞു.
ഇലക്ട്രോണിക് ഗെയിമുകളിലും സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ സൈറ്റുകളിലും കുട്ടികളുടെയും കൗമാരക്കാരുടെയും പ്രവർത്തനം ഓൺലൈൻ വേട്ടക്കാർ സാധാരണയായി നിരീക്ഷിക്കാറുണ്ടെന്ന് അൽ ഖുബൈസി അഭിപ്രായപ്പെട്ടു. ഈ ഓൺലൈൻ വേട്ടക്കാർ എളുപ്പത്തിൽ വലയിൽ വീഴാവുന്ന കൗമാരക്കാരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നതിനുമുമ്പ് അവരുടെ വ്യക്തമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിടാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അധികൃതർ എല്ലായ്പ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭയം മൂലം സൈബർ കുറ്റവാളികളുടെ ഇരകളാകുന്ന യുവതികളാണ് ഓൺലൈൻ ബ്ലാക്ക് മെയിലിങ്ങിൽ ഏറ്റവുമധികം ഇരകളാകുന്നത്. ഇത്തരം ബ്ലാക്ക്‌മെയിലിങ്ങിന് ഇരയായവരിൽ ചിലർ കുറ്റവാളികളെ അധികൃതർക്ക് അറിയിക്കാൻ വിമുഖത കാണിക്കുന്നു. അവർ തെറ്റായ പ്രവൃത്തികൾ ചെയ്തതിന് കുറ്റാരോപണം നേരിടേണ്ടിവരുമെന്നതാണ് ഇതിന് കാരണം. ഇത് ചിലപ്പോൾ ബ്ലാക്ക്‌മെയിലർമാർ ഇരകളെ ആക്രമിക്കുന്നതിനോ അവരിൽ നിന്ന് പണം തട്ടിയെടുക്കുന്നതിനോ ഇടയാക്കുന്നു. ഓൺലൈൻ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും വേണ്ടി പൊലീസും മറ്റ് സുരക്ഷാ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ ആളുകളെ ഉപദേശിച്ചിട്ടുണ്ട്.
‘പ്രോസിക്യൂഷനെ അറിയിക്കുക’ ആപ്പ്
അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ‘പ്രോസിക്യൂഷനെ അറിയിക്കുക’ എന്ന ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുകയും രഹസ്യസ്വഭാവം നിലനിർത്തുകയും ചെയ്യുന്നു. കൂടുതൽ ആളുകൾക്കിടയിൽ ആധുനിക സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഉപയോഗം സൈബർ കുറ്റകൃത്യങ്ങളുടെ വർധനവിന് കാരണമായതായി ഉദ്യോഗസ്ഥർ നേരത്തെ സൂചിപ്പിച്ചിരുന്നു. യുവാക്കൾ മണിക്കൂറുകളോളം സമൂഹമാധ്യമങ്ങളിൽ ഒരുമിച്ച് ചെലവഴിക്കുന്നു. ഇതിലും പലതും രക്ഷിതാക്കളുടെ മേൽനോട്ടമില്ലാതെയാണ്. ഇതു അവരെ കുറ്റവാളികളുടെ ലക്ഷ്യം എളുപ്പമാക്കി മാറ്റുന്നു. യുഎഇ ഓൺലൈൻ നിയമം അനുസരിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് രണ്ടു വർഷം തടവും 2,50,000 മുതൽ 5,00,000 ദിർഹം വരെ പിഴയും ലഭിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക