ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടമായ പ്രവാസിക്ക് 24 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
ജോലിക്കിടെയുണ്ടായ അപകടത്തില്‍ വലതു കൈയുടെ ഒരു ഭാഗം നഷ്ടമായ പ്രവാസിക്ക് യുഎഇയില്‍ 1,10,000 ദിര്‍ഹം (24 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. തൊഴിലാളി സമര്‍പ്പിച്ച ഹര്‍ജിയില്‍ അബുദാബി ഫാമിലി ആന്റ് സിവില്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പറഞ്ഞത്. 1,70,000 ദിര്‍ഹത്തിന്റ നഷ്ടപരിഹാരമാണ് തൊഴിലാളി ആവശ്യപ്പെട്ടതെങ്കിലും 1,10,000 ദിര്‍ഹമാണ് കോടതി വിധിച്ചത്.
ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് ശസ്‍ത്രക്രിയക്ക് വിധേയനാക്കുകയും വലതുകൈക്കുഴ മുതല്‍ താഴേക്കുള്ള ഭാഗം മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തു. ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ഇയാള്‍ കോടതിയില്‍ ഹാജരാക്കി. വലതുകൈക്ക് 100 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി ഈ റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ജോലി സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന ജുഡീഷ്യല്‍ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ തനിക്ക് താന്‍ ദൈനംദിന ജീവിതത്തില്‍ ചെയ്തുകൊണ്ടിരുന്ന ഒട്ടുമിക്ക കാര്യങ്ങളും ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഈ അവസ്ഥയില്‍ മറ്റ് ജോലികളൊന്നും കിട്ടില്ലെന്നും കോടതിയെ അറിയിച്ചു. അതേസമയം അപകടം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയതെന്നും ഇത് നിയമപരമായ പരിധി അവസാനിച്ച ശേഷമായിരുന്നുവെന്നും കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു. ഒപ്പം ഇത്തരമൊരു കേസ് പരിഗണിക്കുന്ന കോടതിയുടെ നിയമപരമായ അധികാരങ്ങളും കമ്പനി ചോദ്യം ചെയ്തു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച കോടതി, കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. ഇതിനു പുറമെ പരാതിക്കാരന്റെ കോടതി ചെലവും കമ്പനി വഹിക്കണം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക