നൂറോളം കുട്ടികൾ മരിച്ചു; ഇന്തോനേഷ്യയിൽ കുട്ടികൾക്കുള്ള എല്ലാ കുപ്പിമരുന്നുകളും നിരോധിച്ചു

ഇന്തോനേഷ്യയിൽ വൃക്കരോഗത്തെ തുടര്‍ന്ന് നൂറോളം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കുട്ടികൾക്കുള്ള ദ്രാവക രൂപത്തിലുള്ള മരുന്നുകൾ താത്കാലികമായി നിരോധിച്ചു. ഈ വര്‍ഷം 20 പ്രവിശ്യകളില്‍ നിന്നായി 206 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളേയാണ് വൃക്കരോഗം പ്രധാനമായും ബാധിച്ചത്. ഇതില്‍ 99 കുട്ടികള്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.

കുട്ടികളുടെ വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുന്നതിന് പിന്നില്‍ ചില സിറപ്പുകളാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സിറപ്പുകള്‍ ഏതു രോഗത്തിന് നൽകിയതാണന്നോ ഏത് രാജ്യത്ത് നിര്‍മിച്ചതാണെന്നോ വ്യക്തമായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറപ്പുകളുടെ വില്‍പന താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.

കുട്ടികള്‍ക്കിടയില്‍ വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കൂടുന്നത് പരിശോധിക്കാന്‍ ഇന്തോനേഷ്യയിൽ സര്‍ക്കാര്‍ ഒരു വിദഗ്ദ്ധ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അതില്‍ പ്രാദേശിക ആരോഗ്യ, ശിശുരോഗ വിഭാഗം ഉദ്യോഗസ്ഥരും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുമാണുള്ളത്.

 

ഈ വര്‍ഷം ജനുവരി മുതലാണ് ഇന്തോനേഷ്യയിൽ കുട്ടികൾക്കിടയിൽ വൃക്കരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 65 ശതമാനം കേസുകളും ജക്കാര്‍ത്തയില്‍ നിന്നാണ്. രോഗം ബാധിച്ച കുട്ടികള്‍ക്ക് ഡോക്ടര്‍മാർ നിര്‍ദേശിച്ച എല്ലാ മരുന്നുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ആശുപത്രികള്‍ ശേഖരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

 

നേരത്തെ ഗാംബിയയില്‍ ചുമയ്ക്കുള്ള മരുന്ന് (കഫ് സിറപ്പ്) കഴിച്ച് എഴുപതോളം കുട്ടികള്‍ മരിച്ചിരുന്നു. വൃക്കയെ ഉള്‍പ്പെടെ സാരമായി ബാധിക്കുന്ന ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവ പല മരുന്നുകളിലും അടങ്ങിയതായി ലോകാരോഗ്യ സംഘടന കണ്ടെത്തിയിരുന്നു.

ഇന്ത്യയിലെ ഹരിയാണയില്‍ നിന്നുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സാണ് ഈ സിറപ്പുകള്‍ നിര്‍മിച്ചത്. തുടര്‍ന്ന് ഈ കമ്പനിയുടെ നാല് സിറപ്പുകള്‍ക്കെതിരേ ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!