ഉംറ വിസക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കുവാനും പുറത്ത് പോകുവാനും ഏതെല്ലാം വിമാനത്താവളങ്ങൾ ഉപയോഗിക്കാം – മന്ത്രാലയം വിശദീകരിക്കുന്നു
സൗദി അറേബ്യയിലേക്ക് ഉംറ വിസയിലെത്തുന്നവർ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യൽ നിർന്ധമാണോ എന്ന ചോദ്യത്തിന് ഹജ്ജ് ഉംറ മന്ത്രാലയം വീണ്ടും വ്യക്തത വരുത്തി.
ഉംറ വിസയിലെത്തുന്നവർ സൗദിയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും, രാജ്യത്തെ ഏത് വിമാനത്താവളവും ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
ഇക്കാര്യം നേരത്തെ തന്നെ ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിരുന്നുവെങ്കിലും, ഇതനുസരിച്ച് മറ്റു വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത നിരവധി തീർഥാടകർക്ക് വിമാന കമ്പനികൾ ബോർഡിംഗ് പാസ് നൽകാത്തതിനാൽ യാത്ര തടസ്സപ്പെട്ടിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുൾപ്പെടെ നിരവധി തീർഥാടകർക്ക് ഇവ്വിധം യാത്ര മുടങ്ങിയിരുന്നു. ദമ്മാമിലേക്കും റിയാദ് വിമാനത്താവളത്തിലേക്കും ടിക്കറ്റെടുത്തവരായിരുന്നു ഇവരിലേറെയും. ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ പുതിയ തീരുമാനം വിമാന കമ്പനികളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും, ഉംറ തീർഥാകരെ മറ്റു വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകാനും തിരിച്ച് കൊണ്ടുവരുവാനും അനുവാദം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നുമായിരുന്നു വിമാന കമ്പനികളുടെ വിശദീകരണം.
എന്നാൽ ഏത് വിമാനത്താവളം വഴിയും സൌദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും ഉംറ തീർഥാടകർക്ക് അനുവാദമുണ്ടെന്നാണ് ഇപ്പോഴും ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിക്കുന്നത്.
ഇക്കാര്യത്തിൽ ഹജ്ജ് ഉംറ മന്ത്രാലയം ഏത് വിമാനത്താവളത്തിലേക്കും വരാം എന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും, തീർഥാടകർ ടിക്കറ്റെടുക്കുന്നതിന് മുമ്പ് വിമാനകമ്പനികളിൽ നിന്ന് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.
അടുത്തിടെയാണ് ഉംറ വിസക്ക് 90 ദിവസം വരെ കാലാവധി അനുവദിച്ച് തുടങ്ങിയത്. ഇതിന് പിറകെ ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാമെന്ന അനുവാദം കൂടി നൽകിയത് തീർഥാടകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ്. സൌദിയിൽ ജോലി ചെയ്യുന്ന ബന്ധുക്കളുടെ അടുത്തേക്ക് അവർ താമസിക്കുന്ന നഗരങ്ങളിലെ വിമാനത്താവളത്തിലേക്ക് നേരിട്ട് വരാൻ അനുവാദം നൽകിയതും അവരൊപ്പം 90 ദിവസം വരെ കഴിയാൻ അനുവാദം നൽകിയതും പ്രവാസികൾക്കും ഏറെ ആശ്വാസം നൽകുന്നതാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക