എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരൻ സ്വർണം കടത്തിയെന്ന് വിവരം; പിന്തുടർന്ന് വീട്ടിലെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം

വിമാനത്തിൽ സ്വർണം കടത്തിയ വിവരമറിഞ്ഞ് പിന്തുടർന്ന് വീട്ടിൽ പരിശോധനയ്ക്കെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം. സൂപ്രണ്ടുൾപ്പെടെ രണ്ടുപേരെ ആശുപത്രിയിലാക്കി. രാവിലെ 4.30ന് എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ വാമനപുരം നെല്ലനാട് കാരിക്കുഴി പുളിയറവിളാകം വീട്ടിൽ നാസറുദ്ദീന്റെ മകൻ അസീം സ്വർണം കടത്തിയ വിവരമാണ് കസ്റ്റംസിന് ലഭിച്ചത്.

എമിഗ്രേഷനും പരിശോധനയും കഴിഞ്ഞ് അസീം വിമാനത്താവളത്തിൽനിന്ന് ഇറങ്ങി വീട്ടിലേക്കു പോയ ശേഷമാണ് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പത്ത് മണിയോടെ അസീമിന്റെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ട് അസീം കടന്നുകളഞ്ഞു. എന്നാൽ വീട് പരിശോധിക്കുകയായിരുന്ന സംഘത്തെ അസീമിന്റെ സുഹൃത്തുക്കളെത്തി മർദിച്ചു.

കസ്റ്റംസ് സൂപ്രണ്ട് പി.കൃഷ്ണകുമാർ, ഡ്രൈവർ അരുൺ എന്നിവർക്കു തലയ്ക്കു പരുക്കേറ്റു. അക്രമിസംഘത്തെയും അസീമിനെയും കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് ടി.എസ്.ദിനേഷ്കുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചു. പൊലീസെത്തി പ്രതികളെ അറസ്റ്റുചെയ്തു. ഒരു കിലോ സ്വർണം കടത്തിയെന്നായിരുന്നു വിവരം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!