സമൂഹ മാധ്യമം വഴി യുവതിയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി ആക്രമിച്ചു
സമൂഹ മാധ്യമം വഴി യുവതിയെ പ്രലോഭിപ്പിച്ചു തട്ടിക്കൊണ്ടുപോയി ആക്രമിച്ചു പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ രണ്ടു ഏഷ്യക്കാരുടെ ശിക്ഷ അഞ്ചിൽ നിന്ന് 10 വർഷമായി ദുബായ് അപ്പീൽ കോടതി വർധിപ്പിച്ചു. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഏഷ്യൻ വംശജ തന്നെയായ യുവതിയെ സമൂഹമാധ്യമത്തിലൂടെ പ്രലോഭിപ്പിച്ചു കുറ്റകൃത്യം ചെയ്തയായാണ് കേസ്.
സമൂഹമാധ്യമത്തിലൂടെ പരിചയം; വിശ്വസിച്ച് ഇറങ്ങിപ്പോക്ക്
സമൂഹമാധ്യമം വഴിയാണ് യുവതി തന്റെ രാജ്യക്കാരനെ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. ദുബായിൽ നടത്തിയ പാർട്ടിയിൽ പ്രതി ക്ഷണിച്ചതനുസരിച്ച് ഒന്നാം പ്രതി ഒരു വാഹനത്തിൽ വന്നു യുവതിയെ കയറ്റി. അതിൽ മറ്റൊരാൾ കൂടിയുള്ളത് യുവതിയെ ആശ്ചര്യപ്പെടുത്തി. അയാൾ അവരെ മർദ്ദിക്കുകയും വൈദ്യുതാഘാതമേൽപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അവരവളെ ജബൽ അലിയിലെ ഒരു വില്ലയിലേക്കാണു കൊണ്ടുപോയത്.
തുടർന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന 5,000 ദിർഹം കവർച്ച ചെയ്തു. കൂടാതെ, മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,65,000 ദിര്‍ഹം തങ്ങളുടെ അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു. പിന്നീട് മർദിക്കുകയും മോശമായ അവസ്ഥയിൽ ചിത്രം പകർത്തുകയും ചെയ്തു.
വിഡിയോ പ്ലാറ്റ്‌ഫോം വഴി അവർ യുവതിയുടെ നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെട്ടതായും ആക്രമണത്തിന്റെ ഫോട്ടോകളും വിഡിയോ ക്ലിപ്പും കാണിക്കുകയും ചെയ്തതായും യുവതി പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം പ്രതികൾ യുവതിയുടെ കണ്ണുകളും വായും മൂടി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചു. അവിടെ നിന്നാണ് ഇവർ പൊലീസിനെ ബന്ധപ്പെട്ടത്.
പ്രതികൾ വൈകാതെ വലയിലായി
പ്രതികളെ വൈകാതെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സിഐഡി സംഘത്തിനു കഴിഞ്ഞതായി അധികൃതർ പറഞ്ഞു. സമൂഹമാധ്യമത്തിലൂടെ യുവതിയെ പ്രലോഭിപ്പിച്ചു മറ്റുള്ളവരോടൊപ്പം ചേർന്നു മർദിച്ചു. കവർച്ച നടത്തിയതായി ഒന്നാം പ്രതിയും, കുറ്റകൃത്യം നടത്താൻ വാഹനം വാടകയ്‌ക്കെടുത്തതായും യുവതിയെ ആക്രമിച്ചതായും രണ്ടാം പ്രതിയും സമ്മതിച്ചു. ജയിൽ ശിക്ഷയ്ക്ക് പുറമെ യുവതിക്ക് 1,70,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധിക്കു ശേഷം പ്രതികളെ യുഎഇയിൽ നിന്നു നാടുകടത്തും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക