കോളേജിൻ്റെ പാര്‍ക്കിങ് ലോട്ടിലെ കാറിനുള്ളില്‍ യുവാവിൻ്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കുവൈത്തില്‍ കോളേജിന്റെ പാര്‍ക്കിങ് ലോട്ടിലെ കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അര്‍ദ്രിയ വ്യവസായ മേഖലയിലെ ഒരു കോളേജിന്റെ പാര്‍ക്കിങ് സ്ഥലത്തെ കാറില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്.

വിവരം ലഭിച്ച ഉടന്‍ തന്നെ ഫര്‍വാനിയയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അന്വേഷണ വവിഭാഗം, ഫോറന്‍സിക് വകുപ്പ്, ഫോറന്‍സിക് ഡോക്ടര്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. മരണ കാരണവും സമയവും  കണ്ടെത്തുന്നതിനായി രണ്ട് മൃതദേഹങ്ങളും ഫോറന്‍സിക് വിഭാഗത്തിന് കൈമാറാന്‍ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിറ്റക്ടീവ്‌സിനെ ചുമതലപ്പെടുത്തി.

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ പ്രവാസി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരണപ്പെട്ടിരുന്നു. കുവൈത്തിലെ യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് സയന്‍സ് കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ഈജിപ്ത് സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചത്.

ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. സബാഹ് അല്‍ സാലിം യൂണിവേഴ്‌സിറ്റി സിറ്റിയിലെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടുന്നതായി സഹപാഠികള്‍ കണ്ടിരുന്നു. 19 വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. എന്നാല്‍ എന്തിനാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍ റൂമില്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടിയതായി വിവരം ലഭിച്ചിരുന്നു.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്തെത്തി. യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി വിദ്യാര്‍ത്ഥിനിയെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ ദൃക്‌സാക്ഷികളില്‍ നിന്നും യൂണിവേഴ്‌സിറ്റിയിലെ സിസിടിവി ക്യാമറകളില്‍ നിന്നുമുള്ള വിവരങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ സംഘം ശേഖരിച്ച് വരികയാണ്. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!