പിടികിട്ടാപ്പുള്ളിയുമായി സാദൃശ്യം; വിനോദയാത്രക്ക് പോയ ഇന്ത്യന്‍ ദമ്പതികൾ യുഎഇ വിമാനത്താവളത്തിൽ കുടുങ്ങി

പിടികിട്ടാപ്പുള്ളിയാണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ ദമ്പതികളെ അബുദാബിയില്‍ തടഞ്ഞു. വിനോദയാത്രയ്ക്കായി ഭാര്യയോടൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പുറപ്പെട്ട പ്രവീണ്‍ കുമാറിനെയാണ് അബുദാബിയില്‍ തടഞ്ഞത്. ഗ്രേറ്റര്‍ നോയിഡയിലെ ഹബീബ്പൂര്‍ സ്വദേശിയായ പ്രവീണ്‍ കുമാറിനെയും ഭാര്യ ഉഷയെയുമാണ് അധികൃതര്‍ സംശയത്തെ തുടര്‍ന്ന് തടഞ്ഞത്.

 

പിടികിട്ടാപ്പുള്ളിയുമായുള്ള രൂപസാദൃശ്യമാണ് തെറ്റിദ്ധാരണക്കിടയാക്കിയത്. ജോലിയിലെ മികവിന് പാരിതോഷികമായി കമ്പനിയുടെ ചെലവിലായിരുന്നു സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് യാത്രയ്ക്ക് അവസരം ലഭിച്ചത്. ഒരു സിമന്റ് കമ്പനിയിലെ കോണ്‍ട്രാക്ടറാണ് 45കാരനായ പ്രവീണ്‍ കുമാര്‍. ഒക്ടോബര്‍ 11നാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. ദില്ലിയില്‍ നിന്നും അബുദാബിയിലേക്കും തുടര്‍ന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കും യാത്ര ചെയ്യാനായിരുന്നു പദ്ധതി. അബുദാബിയിലെത്തിയപ്പോള്‍ ഫേസ് റെക്കഗ്നിഷന്‍ പരിശോധനയിലാണ് പിടികിട്ടാപ്പുള്ളിയുടെ രൂപസാദൃശ്യം തോന്നിയതോടെ പ്രവീണ്‍ കുമാറിനെയും ഭാര്യയും അധികൃതര്‍ തടഞ്ഞത്.

 

അബുദാബിയിലെത്തിയ ഇവരുടെ പാസ്‌പോര്‍ട്ടും വിസയും മറ്റ് രേഖകളും അധികൃതര്‍ വാങ്ങി. എന്നാല്‍ ഇത് സാധാരണ പരിശോധനാ നടപടിക്രമം മാത്രമാണെന്നാണ് ദമ്പതികള്‍ ആദ്യം കരുതിയത്. ലോക്കല്‍ പൊലീസ് എത്തി ഇരുവരെയും വ്യത്യസ്ത മുറികളിലിരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച പ്രവീണ്‍ കുമാറിനെ മറ്റൊരു സ്ഥലത്തെത്തിച്ച് വീണ്ടും ചോദ്യം ചെയ്തു. ഒക്ടോബര്‍ 12ന് ഉഷയെ തിരികെ നാട്ടിലേക്ക് അയച്ചു.

 

നാട്ടിലെത്തിയ ഉഷ, വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചു. തുടര്‍ന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്കും ആഭ്യന്തര വകുപ്പിനും അബുദാബിയിലെ ഇന്ത്യന്‍ എംബസിക്കും കത്തയച്ചു. ഇതോടെയാണ് പ്രവീണ്‍ കുമാറിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രവീണ്‍ കുമാര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. കേന്ദ്ര സര്‍ക്കാരിനും ഇന്ത്യന്‍ എംബസിക്കും അദ്ദേഹം നന്ദി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യുഎഇ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!