ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചു

ഉംറ കർമ്മം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതി വീട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരം കണ്ടൻ വീട്ടിൽ കെ.കെ. ഷാഫിയുടെ ഭാര്യ സലീനയാണ് (38) മരിച്ചത്. സൌദി അറേബ്യയിൽ നിന്നും കൊച്ചി വിമാനത്താവളത്തിലിറങ്ങിയ സലീന ബന്ധുക്കളോടൊപ്പം കെഎസ്ആർടിസിയുടെ ലോ ഫ്ലോർ ബസിൽ കോഴിക്കോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഞായറാഴ്ച പുലർച്ചെ 5.45ന് ദേശീയ‌പാതയിൽ, അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന ലോ ഫ്ളോർ ബസിന് പിന്നിൽ കർണാടക ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.

കെ.എസ്.ആർ.ടി.സി ബസ് വേഗത കുറച്ച് സ്റ്റാൻഡിൽ പ്രവേശിക്കാൻ വലത്തോട്ട് തിരിയുന്നതിനിടെയായിരുന്നു തൃശൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന കർണാടക ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ലോ ഫ്ളോർ ബസിന്‍റെ പിന്നിൽ ഇടതുവശത്തിരിക്കുകയായിരുന്ന സലീന ചില്ല് തകർന്ന് റോഡിലേക്ക് തെറിച്ച് തലതല്ലി വീഴുകയായിരുന്നു. തൽക്ഷണം മരിച്ചു. ബന്ധുക്കളടക്കം ഏതാനും പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

രണ്ട് മാസം മുമ്പാണ് സലീന ഉംറക്കെത്തിയത്. ഉംറക്ക് ശേഷം ജിദ്ദയിലുള്ള ഭർത്താവിനൊപ്പം ഏതാനും ദിവസം താമസിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലിറങ്ങി. സലീനയെ നാട്ടിലേക്ക് കൂട്ടികൊണ്ടു പോകാൻ സഹോദരിയും കുടുംബവും എത്തിയിരുന്നു. ഇവരോടൊപ്പം നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ലോ ഫ്ളോറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു ദുരന്തം തട്ടിയെടുത്തത്.

സലീനക്കൊപ്പം സഞ്ചരിച്ചിരുന്ന സഹോദരി മലപ്പുറം സ്വദേശികളായ അസ്മാബി (45), ഭർത്താവ് അബ്ദുൽ റഷീദ് (53), മകൻ ഹിലാൽ (എട്ട്) എന്നിവർക്ക് നിസാര പരുക്കേറ്റു. മരിച്ച സലീന എ.ആർ. നഗർ കുറ്റൂർ അരീക്കൽ കുഞ്ഞുമുഹമ്മദിന്‍റെയും, ഫാത്തിമയുടെയും മകളാണ്.

അങ്കമാലി താലൂക്കാശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകും. അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ പി.എം ബൈജുവിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!