നഗര വികസനത്തിൻ്റെ ഭാഗമായി സൌദി അറേബ്യയിലെ ജിദ്ദയിലെ ചേരി പൊളിച്ച് നീക്കൽ പദ്ധതിയുടെ ആദ്യ ഘട്ടം അവസാനത്തോടടുക്കുന്നു. ജിദ്ദയിൽ പൊളിച്ച് നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന അവസാന ചേരിപ്രദേശങ്ങളും ഇന്ന് മുതൽ പൊളിച്ച് നീക്കി തുടങ്ങിയതായി ചേരി വികസന സമിതി അറിയിച്ചു. ഉമ്മുൽ സലാമിലും കിലോ 14ലുമാണ് ഇന്ന് മുതൽ പൊളിച്ച് തുടങ്ങിയത്. ഇവിടെയുള്ള  താമസക്കാർക്ക് ഒഴിഞ്ഞ് പോകാൻ അനുവദിച്ചിരുന്ന സമയം അവസാനിച്ച സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലി ആരംഭിച്ചത്. നിലവിൽ പൊളിച്ച് തുടങ്ങിയ കിലോ പതിനാലും ഉമ്മുസലമിലേയും ജോലി അവസാനിക്കുന്നതോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകും. 32 ഡിസ്ട്രിക്കുകളിലാണ് ആദ്യ ഘട്ടത്തിൽ പൊളിച്ച് നീക്കുമെന്ന് ചേരി വികസന സമിതി അറിയിച്ചിരുന്നത്.

ഇത് പൂർത്തിയാകുന്നതോടെ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടത്തിലും 32 ഡിസ്ട്രിക്ടുകളിലാണ് പദ്ധതി നടപ്പിലാക്കുക. എന്നാൽ ഇവിടെ കെട്ടിടങ്ങൾ പൊളിച്ച് നീക്കുകയില്ല. നിലവിലെ കെട്ടിടങ്ങൾ മോടി പിടിപ്പിക്കലും മുഖം മിനുക്കലുമാണ് രണ്ടാം ഘട്ടത്തിലുണ്ടാകുക.

നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആവശ്യമായ രേഖകൾ, ഉടമയുടെ ഡാറ്റ, പിഡിഎഫ് ഫോർമാറ്റിലുള്ള ദേശീയ ഐഡന്റിറ്റിയുടെ വ്യക്തമായ പകർപ്പ് എന്നിവ ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിക്കാനും കമ്മിറ്റി ചേരി നിവാസികളോട് ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട്, ഉടമയുടെ പേര്, ബാങ്കിന്റെ പ്രസിദ്ധീകരണങ്ങളിലെ സ്റ്റാറ്റസ് കാർഡ് നമ്പർ എന്നിവ PDF ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക