ജോലി സ്ഥലങ്ങളില്‍ പരിശോധന; നിയമലംഘനങ്ങള്‍ കണ്ടെത്തിയ പ്രവാസികളെ നാടുകടത്തും

ബഹ്റൈനില്‍ പ്രവാസി ജീവനക്കാരുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധന തുടരുന്നു. വിവിധ ഗവര്‍ണറേറ്റുകളിലെ വാണിജ്യ സ്ഥാപനങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും തൊഴിലാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയാണ്. നിയമലംഘകര്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതിന്റെയും നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെയും ഭാഗമായാണ് പരിശോധനകള്‍.

കഴിഞ്ഞ ദിവസം മുഹറഖ് ഗവര്‍ണറേറ്റില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ്, മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. നിരവധി ജോലി സൈറ്റുകളിലും തൊഴിലാളികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും ഇവര്‍ പരിശോധന നടത്തി. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെയും പരിശോധനയില്‍ കണ്ടെത്തി. നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തു. ഇവരെ നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ശന പരിശോധന തുടരുമെന്നും നിയമലംഘകരായ പ്രവാസികളെയും അവരുടെ തൊഴിലുടമകളെയും പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ തടയാന്‍ പൊതുജനങ്ങളുടെ സഹായവും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ലേബര്‍ മാര്‍ക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിയുടെ കോള്‍ സെന്ററില്‍ 17506055 എന്ന നമ്പറില്‍ വിളിച്ച് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!