പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ്; രണ്ടിടങ്ങളില്‍ പരിശോധന നടത്തി അധികൃതര്‍

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി അധികൃതര്‍ രണ്ടിടങ്ങളില്‍ പരിശോധന നടത്തി. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായേഗ്, ട്രാഫിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖാദ്ദ എന്നിവര്‍ ഹവല്ലിയിലും മുബാറക് അല്‍ കബീറിലും പരിശോധന നടത്തി. ഇവിടങ്ങളിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിലെത്തിയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ഡ്രൈവിങ് ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകള്‍ കണ്ടെത്താനാണ് പരിശോധന നടത്തിയത്. പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിലെ രേഖകള്‍ പരിശോധിക്കുകയും നിയമങ്ങള്‍ കൃത്യമായി പാലിച്ചാണോ ഇവര്‍ ലൈസന്‍സ് നേടിയതെന്ന് കണ്ടെത്തുകയുമാണ് ലക്ഷ്യം. തെറ്റായ മാര്‍ഗങ്ങളിലൂടെ ലൈസന്‍സ് നേടിയിട്ടുള്ളവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ കര്‍ശന നിർദ്ദേശം നൽകിയിരുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍‌ദ്ദേശപ്രകാരമാണിത്.

ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചിരുന്നു. ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്.

ഏകദേശം 22 ലക്ഷം വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പ്രവാസികളുടെ ലൈസൻസ് പരിശോധിക്കുന്നത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!