കടകളില്‍ പരിശോധന; 17 ടണ്‍ കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു, കടകൾ അടച്ചുപൂട്ടി

സൗദി അറേബ്യയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കള്‍ പിടികൂടി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ നാലു കടകള്‍ അടപ്പിച്ചു. ദമ്മാം നഈരിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തില്‍ നിന്ന് 17 ടണ്‍ ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭാ അധികൃതര്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്.

ഫ്രീസറുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഐസ് ഉരുകിയ ശേഷം വീണ്ടും ഫ്രീസ് ചെയ്ത് വില്‍പ്പനയ്ക്ക് സൂക്ഷിച്ച ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കളാണ് പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. തെറ്റായ രീതിയില്‍ സൂക്ഷിച്ചത് കൊണ്ട് കേടായ ഭക്ഷ്യവസ്തുക്കള്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നെന്ന് നഈരിയ ബലദിയ മേധാവി എഞ്ചി. മുഹമ്മദ് അല്‍യാമി പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് നിയമലംഘനങ്ങളും സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി.

നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനത്തിനെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മക്ക നഗരസഭക്ക് കീഴിലെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ പരിശോധനകളില്‍ ആരോഗ്യ വ്യവസ്ഥകള്‍ ലംഘിച്ച നാല് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിച്ചു. ഉപയോഗശൂന്യമായ 183 കിലോ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!