ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തിനെ തടയുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

ദുബായിൽ ജബൽ അലിയിൽ ജോലി സ്ഥലത്ത് കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തേക്കിൽ കു‍ഞ്ഞിമുക്ക് തെക്കടത്ത് വീട്ടിൽ ‍ റിട്ട.എസ്. ഐ. പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ ബിലു കൃഷ്ണൻ (30) ആണ് മരിച്ചത്.

കൺസ്ട്രക്‌ഷൻ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. അത്മഹത്യയ്ക്കു ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ കെട്ടിടത്തിൽ നിന്നു വീണെന്നാണു ബന്ധുക്കൾക്ക് ലഭിച്ച വിവരം.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. സുഹൃത്തായ പഞ്ചാബ് സ്വദേശി കെട്ടിടത്തിൽ നിന്ന് ചാടാൻ ശ്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽനിന്നു ഇരുവരും താഴെവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ബിലുകൃഷ്ണൻ തത്ക്ഷണം മരിച്ചു. സുഹൃത്തിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടങ്ങി. കഴിഞ്ഞ നവംബറിൽ ആയിരുന്നു വിവാഹം. അച്ഛന്റെ മരണത്തെ തുടർന്ന് നാട്ടിൽ എത്തിയ ബിലു രണ്ടു മാസം മുൻപാണ്  തിരിച്ചുപോയത്. ഭാര്യ: ലക്ഷ്മി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!