നരബലിക്ക് ശേഷം മാംസം പാകംചെയ്തു കഴിച്ചു; ആയുസ്സ് കൂടാന്‍ പച്ചയ്ക്ക് കഴിക്കാന്‍ നിര്‍ദേശിച്ച് ഷാഫി
കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലി കേസിൽ കൂടുതല്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നരബലിക്ക് ശേഷം കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും മാംസം പാചകം ചെയ്ത് ഭക്ഷിച്ചുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്കി. ആയുരാരോഗ്യത്തിന് വേണ്ടി മൃതദേഹങ്ങളില്‍നിന്ന് മാംസം ഭക്ഷിക്കാന്‍ ഷാഫി നിര്‍ദേശിച്ചത് അനുസരിച്ചാണ് പാചകം ചെയ്ത കഴിച്ചതെന്ന് ചോദ്യംചെയ്യലില്‍ ലൈലയാണ് പോലീസിനോട് വെളിപ്പെടുത്തിയത്.
ആഭിചാരങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി നിര്‍ബന്ധിച്ചു. പുസ്തകത്തില്‍ പറഞ്ഞതു പ്രകാരമാണ് മനുഷ്യമാംസം ഭക്ഷിച്ചത്. നരബലിക്ക് മുന്‍പ് പത്മയുടെയും റോസ്ലിയുടെയും ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കി. ഇവ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പണയംവച്ചു. മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ലൈലയെയും കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെടുന്നത്. മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തും.
(ഫോട്ടോ: താഴെ കൊല്ലപ്പെട്ട പത്മയും റോസ്ലിയും, മുകളിൽ പ്രതികൾ)
കൊലപാതകത്തിനു മുൻപു സ്ത്രീകൾ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്നാണു പൊലീസ് വ്യക്തമാക്കിയിരുന്നു. ഭഗവൽ സിങ്ങിനും ലൈലയ്ക്കും കടബാധ്യതകളുണ്ടായിരുന്നുവെന്നും സാമ്പത്തിക അഭിവൃദ്ധിക്കായാണു നരബലി നടത്തിയതെന്നും മൊഴി നൽകിയതായി ഡിഐജി ആർ.നിശാന്തിനി പറഞ്ഞു. വീട്ടിനുള്ളിൽ വച്ചാണു 2 കൊലപാതകവും നടത്തിയത്. ഷാഫിയും കുടുംബവും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്.
ഐശ്വര്യലബ്ധിക്കെന്ന പേരിൽലാണ് കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മം (52), കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്ലി (49) എന്നിവരെ ഇലന്തൂരിൽ എത്തിച്ച് നരബലി നടത്തിയത്. വീടിനു സമീപത്തുനിന്നു 4 കുഴികളിലായാണു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
കൂടുതൽ പേരെ ഇത്തരത്തിൽ ഇവർ കൊലപ്പെടുത്തിയോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനായാണ് ഇന്നു പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. സ്ത്രീകളെ കൊല്ലാനുപയോഗിച്ച ഏതാനും ആയുധങ്ങൾ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ ആയുധങ്ങൾ ഉപയോഗിച്ചാണോ കൊല നടത്തിയത് എന്നത് വ്യക്തമാകാൻ ഫൊറൻസിക് പരിശോധന ആവശ്യമാണ്.
കൂടുതൽ ആയുധങ്ങൾ കൊലപാതകത്തിനായി ഉപയോഗിച്ചു എന്നാണ് പോലീസിന്റെ നിഗമനം. അങ്ങനെയെങ്കിൽ ഇവ കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണാതായ സ്ത്രീകളെക്കുറിച്ചും നിലവിലെ കേസുമായി ബന്ധപ്പെടുത്തി പൊലീസ് അന്വേഷിക്കും. നരബലി നടന്ന ഭഗവൽ സിങിന്റെ വീട്ടിൽ ഇന്നും പൊലീസ് സംഘം പരിശോധന നടത്തും. പൂജ നടത്തിയതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് പരിശോധന.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക