‘ഇസ്‌ലാം: ധാർമ്മികതയുടെ വീണ്ടെടുപ്പിന്’; ആർ.ഐ.സി.സി കാമ്പയിൻ ആരംഭിച്ചു

റിയാദ്: ‘ഇസ്‌ലാം: ധാർമ്മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തിൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. കാമ്പയിൻ പ്രഖ്യാപനം ഡോ: എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു.

സമൂഹ ഭദ്രത തകർക്കും വിധം സ്വതന്ത്ര ചിന്തകളും ധാർമ്മിക വിരുദ്ധവുമായ പ്രവർത്തനങ്ങൾ വ്യാപകമാകുന്നത് ആശങ്കാജനകമാണ്. ലക്ഷ്യബോധമില്ലാതെ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളുടെ ദുരന്തഫലങ്ങളെ കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുകയാണ് കാമ്പയിൻ ലക്ഷ്യമാക്കുന്നത്. മയക്കുമരുന്നും ലൈംഗിക അരാജകത്വങ്ങളും ജൻട്രൽ ന്യുട്രാലിറ്റിയും പുതുതലമുറയെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുമ്പോൾ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട് കുടുംബങ്ങൾക്കും സമൂഹത്തിനും ദിശാബോധം നൽകുക എന്നതും കാമ്പയിൻ്റെ ലക്ഷ്യമാണ്.

ഇസ്‌ലാം ലോകത്തിന് മുമ്പിൽ വെക്കുന്ന പ്രായോഗിക നിർദ്ദേശങ്ങൾ മാത്രമാണ് ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം. അതുകൊണ്ടുതന്നെ ഇസ്‌ലാം വരുത്തിയ സമാനതകളില്ലാത്ത മാറ്റങ്ങൾ സമൂഹത്തിന് പരിചയപ്പെടുത്തുക കൂടി കാമ്പയിൻ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതായി സംഘാടകർ പറഞ്ഞു.

ഒക്ടോബർ മുതൽ മാർച്ച് വരെ നീട്ടനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി സാമൂഹിക സംവാദം, ടീൻസ് മീറ്റ്, വിദ്യാർത്ഥി യുവജന സമ്മേളനങ്ങൾ, കുടുംബ സംഗമം, സന്ദേശ ദിനം, ടേബിൾ ടോക്ക്, അധ്യാപക രക്ഷാകർതൃ സംഗമങ്ങൾ, കലാ സാഹിത്യ മത്സരങ്ങൾ, ദഅവ സംഗമം, പഠന സെമിനാറുകൾ, പ്രീ മരൈറ്റൽ വർക്ക്ക്ഷോപ്പ് തുടങ്ങി വിപുലവുമായ പരിപാടികൾ ആസൂത്രണം ചെയ്‌തിട്ടുണ്ട്. സലാഹിയ ഇസ്തിറാഹയിൽ നടന്ന ആർ.ഐ.സി.സി പ്രവർത്തക സംഗമം ക്യാംപെയിൻ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.

ആർ.ഐ.സി.സി കൺവീനർ അഷ്‌റഫ് തേനാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിസ്‌ഡം യൂത്ത് കേരള പ്രവർത്തക സമിതി അംഗം എഞ്ചിനിയർ അൻഫസ് മുക്രം മുഖ്യാതിഥിയായിരുന്നു. ഒക്ടോബർ പതിനാല് വെള്ളിയാഴ്ച്ച അസീസിയ അൽമദീന ഹൈപ്പർ മാർക്കെറ്റിൽ നടക്കുന്ന ആർ.ഐ.സി.സി കൗൺസിൽ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകും. ഒക്ടോബർ 28 വെള്ളിയാഴ്ച കാമ്പയിൻ ഉദ്ഘാടന സമ്മേളനം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

അഡ്വ: ഹബീബ് റഹ്‌മാൻ, എഞ്ചി: ഉമർ ശരീഫ്, ജാഫർ പൊന്നാനി, നൗഷാദ് കണ്ണൂർ, ബഷീർ കുപ്പോടൻ, യൂസഫ് ശരീഫ്, മൊയ്‌തു അരൂർ, അബ്ദുല്ല അൽ ഹികമി, അബ്ദുല്ലത്തീഫ് കൊതൊടിയിൽ, ഷനോജ് അരീക്കോട്, അജ്‌മൽ കള്ളിയൻ, മുജീബ് പൂക്കോട്ടൂർ, അബ്ദുറഊഫ് സ്വലാഹി, നബീൽ പയ്യോളി, ഷുക്കൂർ ചക്കരക്കല്ല്, അമീൻ പൊന്നാനി, ഷാജഹാൻ പടന്ന, ശിഹാബ് മണ്ണാർക്കാട്, ഉബൈദ് തച്ചമ്പാറ, റിയാസ് ചൂരിയോട് തുടങ്ങിയവർ സംസാരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!