വീണ്ടും ഡ്രൈവറുടെ അശ്രദ്ധ; മറ്റൊരു കുട്ടി കൂടി സ്‌കൂൾ ബസിനകത്ത് ശ്വാസംമുട്ടി മരിച്ചു

ഡ്രൈവറുടെ അശ്രദ്ധമൂലം വീണ്ടും മറ്റൊരു കുട്ടികൂടി സ്കൂൾ ബസിനകത്ത് ശ്വാസം മുട്ടി മരിച്ചു. ഹസൻ ഹാശിം ശഅല എന്ന അഞ്ചു വയസ്സുകാരനാണ് മരിച്ചത്.  സൌദി അറേബ്യയിലെ ഖത്തീഫ് ഗവർണറേറ്റിൽ ഇന്ന് (ഞായറാഴ്ച) ഉച്ചക്കാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടിയുടെ മരണത്തിൽ സൌദി കിഴക്കൻ പ്രവശ്യാ വിദ്യാഭ്യാസ വകുപ്പ് കുട്ടിയുടെ കുടുംബത്തെ ദുഃഖവും അനുശോചനവും അറിയിച്ചു.

മേഖലയിലെ ഒരു സ്‌കൂളിന് വേണ്ടി ഡ്രൈവർ വാടകക്കെടുത്ത് ഓടിക്കുകയായിരുന്ന പ്രൈവറ്റ് ബസിലാണ് ദാരുണ സംഭവം ഉണ്ടായത്. കുട്ടി ഉറങ്ങിപോയതിനാൽ ബസിൽ നിന്നിറങ്ങാൻ സാധിച്ചില്ല. എന്നാൽ കുട്ടികൾ എല്ലാവരും ഇറങ്ങിയിട്ടുണ്ട് എന്ന് ഉറപ്പാക്കാൻ ഡ്രൈവർ മറക്കുകയും ചെയ്തു. ഇതാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അൽ ബഹാസ് പറഞ്ഞു.

എല്ലാ ദിവസവും രാവിലെ 6.30 ന് വനിതാ സൂപ്പര്‍വൈസര്‍ക്ക് ഒപ്പമാണ് ഡ്രൈവര്‍ വാനുമായി എത്തി തന്റെ മകനെ വീട്ടിനു മുന്നില്‍ നിന്ന് സ്‌കൂളിലേക്ക് കൊണ്ടുപോകാറെന്ന് ഹസന്റെ പിതാവ് ഹാശിം അലവി അല്‍ശുഅ്‌ല പറഞ്ഞു. ഇന്നലെ രാവിലെ സൂപ്പര്‍വൈസര്‍ ഇല്ലാതെ ഡ്രൈവര്‍ ഒറ്റക്കാണ് വാനുമായി എത്തിയത്. സൂപ്പര്‍വൈസറെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് അസുഖമായതിനാൽ വന്നില്ല എന്ന് ഡ്രൈവര്‍ പറഞ്ഞു.

തന്റെ മകന്‍ കയറിയപ്പോള്‍ വാനില്‍ മറ്റു മൂന്നു കുട്ടികള്‍ കൂടിയുണ്ടായിരുന്നു. ഹല്ല മഹീശ് ഗ്രാമത്തില്‍ നിന്ന് ഒമ്പതു വിദ്യാര്‍ഥികളെ കൂടി വാനില്‍ കയറ്റാനുണ്ടായിരുന്നു. ഉച്ചക്ക് 11.15 ഓടെ ഡ്രൈവര്‍ ഫോണില്‍ ബന്ധപ്പെട്ട് മകന്‍ വാനില്‍ നിശ്ചലനായി കിടക്കുന്നതായി അറിയിച്ചു. മകനെ ആരെങ്കിലും മര്‍ദിച്ചോയെന്ന അന്വേഷണത്തിന് ഇല്ലെന്നും സീറ്റുകള്‍ക്കിടയില്‍ കിടക്കുന്ന നിലയിലാണ് കണ്ടതെന്നും ഡ്രൈവര്‍ മറുപടി നല്‍കി.

ഉടന്‍ തന്നെ മകനെ ആശുപത്രിയിലെത്തിക്കാന്‍ ഡ്രൈവറോട് താന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ഡ്രൈവര്‍ സ്‌കൂളിനടുത്ത ഹെല്‍ത്ത് സെന്ററില്‍ മകനെ എത്തിച്ചു. തുടര്‍ന്ന് താന്‍ ആവശ്യപ്പെട്ടതു പ്രകാരം തന്റെ ബന്ധുക്കളില്‍ ഒരാള്‍ മകനെ കൂടുതല്‍ സൗകര്യമുള്ള പോളിക്ലിനിക്കിലുമെത്തിച്ചു. എന്നാല്‍ ബസില്‍ വെച്ചു തന്നെ മകന്‍ മരണപ്പെട്ടതായി പരിശോധനകളില്‍ വ്യക്തമായി. അഞ്ചു പെണ്‍മക്കള്‍ അടക്കം എട്ടു മക്കളുള്ള തന്റെ ഏറ്റവും ഇളയ മകനാണ് ഹസന്‍ എന്നും ഹാശിം അലവി അല്‍ശുഅ്‌ല പറഞ്ഞു.

കിഴക്കൻ മേഖലയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷൻ ഡോ. സാമി അൽ-ഒതൈബിയെ സ്‌കൂൾ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുവാനും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനും ആവശ്യമായ വർക്കിംഗ് ടീം രൂപീകരിക്കാനും നിർദ്ദേശിച്ചതായും അദ്ദഹം പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഹസൻ എന്ന കുട്ടിയുടെ മരണത്തിൽ കിഴക്കൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുശോചനവും  അഗാധമായ ദുഖവും രേഖപ്പെടുത്തിയ അൽ-ബഹാസ്, കുട്ടിക്കും അവൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചു.

ഖത്തറിൽ ആഴ്ചകൾക്ക് മുമ്പാണ് ഒരു മലയാളി വിദ്യാർഥി സമാനമായ രീതിയിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആ വാർത്ത അറബ് ലോകത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. അതിൻ്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് സമാനമായ മറ്റൊരു വാർത്തകൂടി വന്നെത്തിയത്. ഇതോടെ രക്ഷിതാക്കളിലും ആശങ്ക ഉയർന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!