ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ചു; അഞ്ച് പ്രവാസികള്‍ പിടിയില്‍
ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ. ദുബൈയിലെ ഒരു ഫര്‍ണിച്ചര്‍ സ്റ്റോറിലായിരുന്നു മോഷണം. ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മൂന്ന് പേര്‍ ഇവിടെ ജോലി ചെയ്‍തിരുന്നവരും രണ്ട് പേര്‍ അവരുടെ സുഹൃത്തുക്കളുമാണ്.
സ്ഥാപന ഉടമയുടെ 4,55,000 ദിര്‍ഹമാണ് സംഘം മോഷ്ടിച്ചത്. പണം അടങ്ങിയ ബാഗ് അപഹരിക്കുകയായിരുന്നു. കേസ് പരിഗണിച്ച ദുബൈ ക്രിമിനല്‍ കോടതി അഞ്ച് പേര്‍ക്കും ആറ് മാസം വീതം ജയില്‍ ശിക്ഷ വിധിച്ചു. മോഷ്ടിച്ചെടുത്ത തുകയ്ക്ക് തുല്യമായ പിഴയും അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്തും. കേസില്‍ ഇനിയും പിടിയിലാവാനുള്ള രണ്ട് പേരുടെ അസാന്നിദ്ധ്യത്തിലായിരുന്നു കോടതി വിധി.
ദുബൈയിലെ ചൈനീസ് മാര്‍ക്കറ്റില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തിയിരുന്നയാളാണ് സംഭവത്തില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വിലപ്പെട്ട രേഖകളും പണവും അടങ്ങിയ തന്റെ ബാഗ് നഷ്ടമായെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. അന്വേഷണത്തില്‍ മൂന്ന് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗവും ഇവരില്‍ നിന്ന് പിടിച്ചെടുക്കാന്‍ സാധിച്ചു.
താനും ഒപ്പം ജോലി ചെയ്യുന്ന രണ്ട് പേരും പുറമെ നിന്നുള്ള രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കടയുടമയുടെ പണം മോഷ്ടിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന് പ്രതികളിലൊരാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്ന് കേസ് രേഖകള്‍ പറയുന്നു. വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ യുഎഇയില്‍ നിന്ന് നാടുകടത്തും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക