തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേക്ക് സൈക്കിൾ ചവിട്ടി കോഴിക്കോട്ടുകാരൻ; ഒമാനും കടന്ന് യുഎഇയില്‍ എത്തി, അടുത്ത ലക്ഷ്യം സൗദി
സൈക്കിൾ ചിവിട്ടി രാജ്യങ്ങൾ താണ്ടുകയാണ് കോഴിക്കോട്ടുകാരനായ ഫായിസ് അഷ്റഫിൻ്റെ വിനോദം. 450 ദിവസങ്ങൾക്കുള്ളിൽ 35 രാജ്യങ്ങൾ സൈക്കിളിൽ ചുറ്റി സഞ്ചരിക്കുക എന്ന ദൗത്യവുമായി തിരുവനന്തപുരത്ത് നിന്നും പറപ്പെട്ടിരിക്കുകയാണ് ഈ മുപ്പത്തിനാലുകാരൻ. തിരുവനന്തപുരത്ത് നിന്നും 30,000 കിലോമീറ്റർ സൈക്കിൾ ചവിട്ടി ലണ്ടിലേക്കാണ് യാത്ര.
ഓഗസ്റ്റ് 15 ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് സെപ്റ്റംബർ 27 ന് അദ്ദേഹം ഒമാൻ വഴി യു എ ഇയിൽ എത്തിയിരിക്കുകയാണ്.
റാസൽഖൈമ വഴി യുഎഇയിൽ പ്രവേശിച്ച ഫായിസ് ഖോർഫക്കാനും ഫുജൈറയും വഴി സൈക്കിൾ ചവിട്ടി അജ്മാനും പിന്നിട്ടിരിക്കുന്നു. ഷാർജയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. യുഎഇയിൽ 24 ദിവസം ചെലവഴിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലേക്ക് പ്രവേശിക്കുകയാണ് അടുത്ത ലക്ഷ്യം. അതിന് മുമ്പ് ദുബായിലേക്കും അബുദാബിയിലേക്കും പോകും.
യുഎഇയിൽ ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണണമെന്നാണ് ഫായിസിൻ്റെ ആഗ്രഹം.
രണ്ട് മാസമാണ് സൗദി അറേബ്യയിൽ ചിലവഴിക്കുക. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പോകാനും സൗദി അറേബ്യയിലെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാനും പദ്ധതിയുണ്ട്.
യുഎഇയിൽ നിന്ന് സൗദി വഴി ഖത്തറിലേക്കാണ് യാത്ര. ലോകകപ്പ് കാലത്ത് ഖത്തറിന്റെ ഫുട്ബോൾ ആവേശം ആസ്വദിക്കാൻ ഫായിസ് അവിടെയുണ്ടാകും. തുടര്‍ന്ന് സൗദി, ഇറാൻ, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങൾ കടന്ന് തുര്‍ക്കി വഴി യൂറോപ്പിലെത്തും.
2024ൽ ലണ്ടനിൽ യാത്ര അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ലോകരാജ്യങ്ങൾ സമാധാനത്തിൽ വര്‍ത്തിക്കാൻ ഹൃദയങ്ങളിൽ നിന്ന് ഹൃദയത്തിലേക്ക് സ്നേഹം പങ്കിടുക എന്ന മുദ്രാവാക്യവും ഫായിസ് ഉയര്‍ത്തുന്നുണ്ട്.
2019ൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്ക് സൈക്കിൾ ചവിട്ടി ശ്രദ്ധനേടയിരുന്നു ഈ യുവാവ്. 104 ദിവസം കൊണ്ട് എണ്ണായിരം കിലോമീറ്റര്‍ താണ്ടി ഏഴ് രാജ്യങ്ങൾ പിന്നിട്ടാണ് അന്ന് സിംഗപ്പൂരിലെത്തിയത്. ആദ്യയാത്ര നൽകിയ അനുഭവ പാഠങ്ങളിൽ നിന്ന് ഊര്‍ജമുൾക്കൊണ്ടാണ് ഫായിസിന്റെ രണ്ടാം യാത്ര.
പാക്കിസ്ഥാനും ചൈനയും ഒഴിവാക്കി മറ്റ് രാജ്യങ്ങളെ കൂടുതലായി ഉൾപ്പെടുത്തിയാണ് യാത്ര. ഏറ്റുമുട്ടലുകളാൽ സംഘര്‍ഷഭരിതമായ പല രാജ്യങ്ങളും ഫായിസ് സൈക്കിളിൽ താണ്ടും. യുക്രെയ്നും സിറിയയുമെല്ലാം ഫായിസിന്റെ യാത്രാപഥത്തിലുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക