സൌദിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്. മലയാളികള്‍ ജോലി ചെയ്യുന്ന പല മേഖലകളിലും 6 മാസത്തിനുള്ളില്‍ സൌദിവല്‍ക്കരണം
റിയാദ്: ഉപഭോക്തൃ സേവനം, വ്യോമയാനം, പാഴ്സല്‍, ഒപ്റ്റിക്കല്‍ മേഖലകളില്‍ അടുത്ത 6 മാസത്തിനുള്ളില്‍ കൂടുതല്‍ സൌദിവല്‍ക്കരണം നടപ്പിലാക്കാനാണ് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം. ഉപഭോക്തൃ സേവന മേഖലയില്‍ 100 ശതമാനം സൌദിവല്‍ക്കരണം നടപ്പിലാക്കും. കസ്റ്റമര്‍ സര്‍വീസ് ബിസിനസിന്റെ പ്രധാന ഭാഗമായി കാണുന്ന സ്ഥാപനങ്ങളിലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക. ഈ വര്‍ഷം ഡിസംബര്‍ 17 മുതല്‍ പദ്ധതി നടപ്പിലാക്കും.
പാഴ്സല്‍ ട്രാന്‍സ്പോര്‍ട്ട് രംഗത്ത് ഈ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 7000 തസ്തികകള്‍ സൌദികള്‍ക്കായി നീക്കി വെക്കണം. ഈ മേഖലയില്‍ ചീഫ് എക്സിക്യൂട്ടീവ് തസ്തികയില്‍ 100 ശതമാനവും മറ്റ് തസ്തികകളില്‍ 70 ശതമാനം വരെയും സ്വദേശീവല്‍ക്കരണം നടപ്പിലാക്കും.
വ്യോമയാന മേഖലയില്‍ 4000 സൌദികള്‍ക്ക് പുതുതായി ജോലി കണ്ടെത്തും. രണ്ട് ഘട്ടങ്ങളായാണ് ഈ മേഖലയില്‍ സൌദിവല്‍ക്കരണ പദ്ധതി നടപ്പിലാക്കുക. 2023 മാര്‍ച്ച് 15-നു പ്രാബല്യത്തില്‍ വരുന്ന ഒന്നാം ഘട്ടത്തില്‍ കോ-പൈലറ്റ്, എയര്‍ കണ്ട്രോളര്‍, എയര്‍ ട്രാന്‍സ്പോര്‍ട്ടര്‍ തസ്തികകളില്‍ 100 ശതമാനവും, എയര്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് തസ്തികയില്‍ 60 ശതമാനവും, ഫ്ലൈറ്റ് അറ്റന്‍റന്‍റ് തസ്തികയില്‍ 50 ശതമാനവും സൌദിവല്‍ക്കരണം നടപ്പിലാക്കും. 2024 മാര്‍ച്ച് 4 നു രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരുമ്പോള്‍ എയര്‍ ഹോസ്റ്റസ് തസ്തികകളില്‍ 60 ശതമാനം സൌദിവല്‍ക്കരണം ഉള്‍പ്പെടെ നടപ്പിലാക്കും. അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് സൌദിവല്‍ക്കരണം ബാധകമാകുക.
ഒപ്റ്റിക്കല്‍ മേഖലയില്‍ ആയിരം തൊഴിലവസരങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 2023 മാര്‍ച്ച് 18 മുതല്‍ ഈ മേഖലയില്‍ 50 ശതമാനവും സൌദി ജീവനക്കാരായിരിക്കണമ്മ് എന്നാണ് നിര്‍ദേശം. മെഡിക്കല്‍ ഒപ്റ്റിഷ്യന്‍, ഒപ്റ്റിക്കല്‍ ടെക്ക്നിഷന്‍ തുടങ്ങിയ തസ്തികകള്‍ക്ക് പദ്ധതി ബാധകമാണ്. സൌദികള്‍ക്ക് ചുരുങ്ങിയത് 5,500 റിയാല്‍ ശമ്പളം നല്കാനും നിര്‍ദേശമുണ്ട്.
വാഹന പരിശോധനാ രംഗത്ത് ആദ്യ ഘട്ടത്തില്‍ 50 ശതമാനവും രണ്ടാം ഘട്ടത്തില്‍ 100 ശതമാനവും സൌദിവല്‍ക്കരണം നടപ്പിലാക്കും. സെക്യൂരിറ്റി ആന്ഡ് സേഫ്റ്റി ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം സൌദിവല്‍ക്കരണം നടപ്പിലാക്കും. എലിവേറ്റര്‍, ടര്‍ഫ്, ജല ശുദ്ധീകരണം, കാറ്ററിംഗ്, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍ വൈസര്‍, കാശ്യര്‍, അക്കൌണ്ടന്‍റ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങിയ തസ്തികകളില്‍ സൌദികളെ നിയമിക്കണം.
നവീകരിച്ച നിതാഖാത് പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ മേഖലകളില്‍ സൌദിവല്‍ക്കരണം നടപ്പിലാക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയ ശേഷം 4000 റിയാലില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന സൌദികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായാണ് റിപോര്‍ട്ട്.