ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവം: ബസ് ഡ്രൈവര്‍ ആശുപത്രിയില്‍നിന്ന് മുങ്ങി. മരിച്ചവരിൽ 5 വിദ്യാർഥികൾ

വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് സ്കൂൾകുട്ടികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോയ  ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും. കൂടാതെ കെ.എസ്.ആർ.ടി.സി ബസിലെ മൂന്ന് യാത്രക്കാരും മരിച്ചു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ   38 പേരാണ് തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികളുമായിട്ട് ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു ലൂമിനസ് എന്ന ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്.

 

 

 

വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ്ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി. തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) എന്നിവരാണ് മരിച്ചത്.

കെ.എസ്.ആർ.ടി.സി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ. അനൂപ് (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.

 

 

ഗതാഗത വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ബസ്സാണ് അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ്. ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആർടിഒ വൃത്തങ്ങൾ വ്യക്തമാക്കി. അമിത വേഗതയിലാരുന്നു ബസ് എന്നും, ബസ് ഓടുന്ന സമയം സ്പീഡ് ഗവർണർ വേർപെടുത്തി ഇട്ടിരുന്നതായാണ് വ്യക്തമാകുന്നതെന്നും ആർടിഒ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ബസ് കോട്ടയം സ്വദേശിയുടേതാണ്.

അപകടസമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു. പാലക്കാട് എൻഫോഴ്സ്മെന്റ് ആർടിഒ ഗതാഗത കമ്മിഷണർക്ക് റിപ്പോർട്ടു കൈമാറി. യാത്രയുടെ തുടക്കം മുതൽ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു എന്ന് വിദ്യാർഥികളും പറഞ്ഞു. ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നു എന്ന് കെഎസ്ആർടിസി ഡ്രൈവർ സുമേഷും സാക്ഷ്യപ്പെടുത്തിയിരുന്നു.

ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവുകളും ചട്ടങ്ങളു ലംഘിച്ചാണ് ബസ് നിരത്തിലിറക്കിയത് എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉത്തരവുകൾ പാലിക്കാതെ കാതടപ്പിക്കുന്ന ഹോണും ആഡംബര ലൈറ്റുകളും ഉപയോഗിച്ചിരുന്നു എന്നത് വിനോദയാത്ര തുടങ്ങുംമുൻപ് പകർത്തിയ ചില വിഡിയോകളിൽ വ്യക്തമാണ്.

ഇതിനിടെ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതായി ആരോപണം. ലൂമിനസ് ബസിലെ ഡ്രൈവര്‍ ജോമോനെ ഇത് വരെ പോലീസിന് കസ്റ്റഡിയിലെടുക്കാനായിട്ടില്ല. ഡ്രൈവർ ജോമോൻ അപകടസമയം സ്ഥലത്തുണ്ടായിരുന്നെന്നും പിന്നീടാണ് കാണാതായതെന്നുമാണ് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിലും ജോമോന്റെ പേരില്ല.

എന്നാല്‍ വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയില്‍ ജോജോ എന്ന പേരില്‍ ചികിത്സ തേടിയ ഡ്രൈവര്‍ പിന്നീട് അവിടെനിന്ന് മുങ്ങുകയായിരുന്നുവെന്നാണ് സൂചന. പൊലീസുകാര്‍ പുലര്‍ച്ചെ ഇയാളെ ആശുപത്രിയിലെത്തിച്ചിരുന്നു. കൈയിലും കാലിലും മുറിവ് മാത്രമാണ് ജോമോന് ഉണ്ടായിരുന്നത്. കുറച്ചു സമയത്തിനു ശേഷം പുറത്തുനിന്ന് എത്തിയ ചിലര്‍ക്കൊപ്പം ഇയാള്‍ പോയെന്നു സംശയിക്കുന്നതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. അധ്യാപകനാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീടാണ് ഡ്രൈവറാണെന്നു പറഞ്ഞത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!