വൻ സ്ഫോട ശബ്ദം; വീട്ടിലെ എൽഇഡി ടിവി പൊട്ടിത്തെറിച്ച് 16കാരൻ മരിച്ചു

വീട്ടിലെ എൽഇ‍ഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരൻ‍ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദരഭാര്യയ്ക്കും സുഹൃത്തിനും പരുക്കേറ്റു. ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ടിവിയുടെ ഗ്ലാസ് ചിന്നിച്ചിതറി തറച്ച് കയറുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒമേന്ദ്ര അവിടെവച്ച് മരണത്തിന് കീഴടങ്ങി.

ശക്തമായ സ്ഫോടനത്തിൽ ഭിത്തിയുടെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. വലിയ ശബ്ദം കേട്ട് അയൽക്കാർ പരിഭ്രാന്തരായെന്നും പൊലീസ് പറയുന്നു.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്നാണു ശബ്ദം കേട്ടപ്പോൾ കരുതിയതെന്ന് അയൽക്കാരി വിനിത പറഞ്ഞു. ടിവി പൊട്ടിത്തെറിച്ച മുറിയിൽ ഒമേന്ദ്രയ്ക്കൊപ്പമായിരുന്നു അമ്മയും സഹാദരഭാര്യയും സുഹൃത്ത് കരണും. അടുത്ത മുറിയിൽ മറ്റൊരു കുടുംബാംഗമായ മോണിക്കയും ഉണ്ടായിരുന്നു.

സ്‌ഫോടനം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നുവെന്ന് മരിച്ച കൗമാരക്കാരന്റെ കുടുംബാംഗമായ മോണിക്ക പറഞ്ഞു. “സ്ഫോടനം വളരെ ശക്തമായിരുന്നു, വീട് മുഴുവൻ കുലുങ്ങി, മതിലിന്റെ ഭാഗങ്ങൾ തകർന്നു,” അവർ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഗാസിയാബാദ് പോലീസ് ഓഫീസർ ഗ്യാനേന്ദ്ര സിംഗ് പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!