സൗദിയിൽ നിന്നയച്ച മൃതദേഹങ്ങൾ മാറി; യു.പി സ്വദേശി ജാവേദിൻ്റെ മൃതദേഹം ഷാജി രാജൻ്റെതെന്ന് കരുതി ദഹിപ്പിച്ചു
സൗദിയിൽ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറിയതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. നാട്ടിലെത്തിയ മൃതദേഹം സംസ്കരിച്ച് കഴിഞ്ഞ ശേഷമാണ് മാറിപ്പോയതായ സന്ദേശം ലഭിക്കുന്നത്. യു.പി വരാണസി സ്വദേശി ജാവേദിൻ്റെ മൃതദേഹം എത്തിയത് കായംകുളത്തെ വള്ളിക്കുന്നത്ത്.
ജൂലൈ 18ന് വള്ളികുന്നം കാരാഴ്മ കണിയാൻവയലിൽ ഷാജി രാജനെ (50) സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരന്നു. ഇദ്ദേഹത്തിൻ്റെ മൃതദേഹത്തിനായി ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മൃതദേഹം നാട്ടിലെത്തി. കർമ്മങ്ങൾ പൂർത്തിയാക്കി സംസ്കരിച്ചു. സംസ്കാരം കഴിഞ്ഞപ്പോഴാണ് മൃതദേഹം മാറിപ്പോയെന്നം, യു.പി സ്വദേശിയുടെ മൃതദേഹമാണ് സംസ്കരിച്ചതെന്നും ബന്ധുക്കൾക്ക് സന്ദേശം ലഭിക്കുന്നത്.
ഷാജി രാജന്‍റെയും വാരാണാസി സ്വദേശി ജാവേദിന്‍റെയും മൃതദേഹം നാട്ടിലേക്ക് അയക്കാൻ ഒരേ ദിവസമാണ് സൗദിയിലെ വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ വെച്ച് മൃതദേഹങ്ങൾ വിമാനം മാറി അയച്ചതാണ് പൊല്ലാപ്പായത്.
സൗദി അൽഹസ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഷാജിയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് നാട്ടിലേക്ക് കയറ്റിവിട്ടത്. സെപ്റ്റംബർ 30ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുമെന്ന അറിയിപ്പും ലഭിച്ചു. മൃതദേഹത്തിനൊപ്പം ഷാജിയുടെ പാസ്പോർട്ടും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ രേഖകളും വിമാനത്താവള അതോറിറ്റി ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
ഉച്ചക്ക് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. അഴുകിയ കാരണത്താൽ മൃതദേഹം അധിക സമയം തുറന്നുവെക്കരുതെന്ന നിർദേശമുണ്ടായിരുന്നു. ഇക്കാരണത്താൽ കൂടുതൽ പരിശോധനക്ക് വീട്ടുകാർ മുതിർന്നില്ല.
ഇതേ സമയം വാരാണസിയിൽ മൃതദേഹം കുളിപ്പിക്കാൻ എടുത്തപ്പോഴാണ് ജാവേദിന്‍റെതല്ലെന്ന് തിരിച്ചറിയുന്നത്. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ഇടപെടലിൽ വാരാണസിയിൽനിന്ന് ഷാജിയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ജവേദിന്‍റെ മൃതദേഹം ദഹിപ്പിച്ചതിനാൽ തിരിച്ചയക്കാനും സാധിക്കില്ല.
ഷാജിയുടെ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. രാഗിണിയാണ് ഭാര്യ. മക്കൾ:അനഘ, അപർണ, അനുഷ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക