വൃക്ക മാറ്റിവയ്ക്കൽ, അമിത വണ്ണം എന്നിവക്കുള്ള ശസ്ത്രക്രിയകൾ ഇനി ഇൻഷുറൻസ് പരിധിയിൽ വരും

സൗദി അറേബ്യയിൽ ശനിയാഴ്ച മുതൽ പ്രാബല്യത്തിലായ പരിഷ്കരിച്ച ആരോഗ്യ ഇൻഷുറൻസിൽ നിരവധി പ്രധാന ആനുകൂല്യങ്ങളാണ് ഉൾപ്പെടുത്തിയത്.

അമിത വണ്ണം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളും, വൃക്ക മാറ്റിവയ്ക്കലും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയതാണ് പ്രധാന ആനുകൂല്യം. കൂടാതെ ഡയാലിസിസിനുള്ള പരിധി ലക്ഷം റിയാലിൽനിന്ന് 1,80,000 റിയാലായി ഉയർത്തിയതും പുതിയ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. രോഗ പ്രതിരോധത്തിലും ചികിത്സയിലെ സങ്കീർണതകൾ കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഈ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡയാലിസിസ് അല്ലെങ്കിൽ കിഡ്നി മാറ്റിവെക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ ആവശ്യമായി വരുമ്പോൾ മിക്ക പ്രവാസികളും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുകയാണ് പതിവ്. ശേഷം ചികിത്സിക്കാൻ പണമില്ലാതെ പിരിവെടുത്തും മറ്റും ചികിത്സ തേടുന്നതും നിത്യ കാഴ്ചയാണ്. എന്നാൽ ഇനി മുതൽ ഇത്തരം ചികിത്സകൾ ഇൻഷൂറൻസ് പരിധിയിൽ ഉൾപ്പെടുന്നതിനാൽ നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇൻഷൂറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് ചികിത്സാ ആനൂകൂല്യങ്ങളെ കുറിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും. പല ഇൻഷൂറൻസ് കമ്പനികളും നാട്ടിൽ വെച്ചുള്ള ചികിത്സക്കും ആനൂകൂല്യം നൽകുന്നുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഇൻഷുറൻസ് നയം ഓരോ മൂന്ന് വർഷത്തിലൊരിക്കലോ അല്ലെങ്കിൽ ആവശ്യം വരുമ്പോഴോ കൗൺസിൽ പുനഃരവലോകനം ചെയ്യുന്നത് പതിവാണ്. അതുപ്രകാരമാണ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ മാറ്റം വരുത്തുന്നതും പുതിയത് ചേർക്കുന്നതും.

വൻകുടലിലെ കാൻസർ, സ്തനാർബുദം, ഗർഭാശയ കാൻസർ, പ്രമേഹ പരിശോധന, അസ്ഥിരോഗ പരിശോധന, സമഗ്രമായ കൊഴുപ്പ് പരിശോധന എന്നിവ ആനൂകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനവും സംബന്ധിച്ച പെരുമാറ്റ, പോഷകാഹാര കൗൺസിലിങ്ങും ഇൻഷുറൻസ് പരിധിയിൽ വരും. സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ ‘മാമോഗ്രാം’ പോലുള്ള വിവിധ പരിശോധനകളും ഇൻഷുറൻസ് പരിരക്ഷയിൽ വരുന്നതാണ്. ഈ ആനുകൂല്യങ്ങളെല്ലാം പ്രവാസികൾക്കും ലഭിക്കുന്നതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!