പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐ യും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും (എസ്‌ഡിപിഐ) നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്‌ഐ) തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

സെപ്തംബർ 28-ന് കേന്ദ്രസർക്കാർ, സുരക്ഷാഭീഷണിയും ഭീകരബന്ധവും ചൂണ്ടിക്കാട്ടി പിഎഫ്ഐയെയും അതിന്റെ എട്ട് അനുബന്ധ സംഘടനകളേയും അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. യു.എ.പി.എ പ്രകാരം മൊത്തം ഒമ്പത് സംഘടനകളെയാണ് നിരോധിച്ചത്.

എസ്.ഡി.പി.ഐ ആവശ്യമായ എല്ലാ രേഖകളും കമീഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുവരെ പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിൽ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞതായി ‘ഇന്ത്യടുഡേ’ റിപ്പോർട്ട് ചെയ്തു.

”പി.എഫ്‌.ഐക്കെതിരായ നടപടിയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ആവശ്യമായ എല്ലാ രേഖകളും എസ്.ഡി.പി.ഐ സമര്‍പ്പിച്ചിട്ടുണ്ട്. പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മില്‍ ഇതുവരെ ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ല. അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല” -രാജീവ് കുമാര്‍ പറഞ്ഞു.

2009 ജൂണ്‍ 21നാണ് എസ്.ഡി.പി.ഐ രൂപീകരിച്ചത്. ഇത് 2010 ഏപ്രില്‍ 13ന് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തു. ഇതുവരെ കേരളം, തമിഴ്നാട്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ഗ്രാമപഞ്ചായത്തുകളിലും എസ്.ഡി.പി.ഐ അംഗങ്ങള്‍ ​തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുസ്‌ലിംകൾ, ദലിതുകൾ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരുടെയും പുരോഗതിക്കും ഏകീകൃതമായ വികസനത്തിനും വേണ്ടിയാണ് തങ്ങൾ നിലവിൽ വന്നതെന്നും, സ്വതന്ത്രമായ ശേഷമുള്ള സമഗ്രമായ പഠനത്തിനും വിശകലനത്തിനും ശേഷം രൂപംകൊണ്ട തങ്ങളുടെ ജനങ്ങൾക്കായി ഒരു പുതിയ രാഷ്ട്രീയ കാഴ്ചപ്പാടിനെ അവർ പ്രതിനിധീകരിക്കുന്നതായും പാർട്ടി പ്രസ്താവിച്ചു.

എസ്ഡിപിഐ നിരോധിക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!