ജനനായകന് വിട: സഖാവ് കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യനിദ്ര
കോടിയേരി ബാലകൃഷ്ണന്‍ എന്ന വിപ്ലവവീര്യത്തെ പയ്യാമ്പലത്തെ അഗ്നിനാളങ്ങളേറ്റുവാങ്ങി. വിതുമ്പലും വിങ്ങലുമടക്കി സഖാക്കള്‍ തങ്ങളുടെ നായകന് ഹൃദയാഭിവാദ്യമേകി വിടചൊല്ലി. വഴികാണിച്ച ധീരനേതാക്കളുറങ്ങുന്ന സ്മൃതികുടീരത്തിന് സമീപമൊരുക്കിയ ചിതയില്‍ ഇനി കോടിയേരി ബാലകൃഷ്ണനെന്ന ജനനായകന്‍ അന്ത്യവിശ്രമം കൊള്ളും. പ്രിയപ്പെട്ട നേതാവ് ഇനി ലക്ഷക്കണക്കിന് അണികളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.
പയ്യാമ്പലത്ത് ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങൾക്കു നടുവിലൊരുക്കിയ ചിതയിൽ കേരളത്തിലെ ഇടതു രാഷ്ട്രീയത്തിന്റെ സൗമ്യജ്വാലയെ അഗ്നിയുടെ ചുവന്ന നാളങ്ങൾ ഏറ്റുവാങ്ങി. ആംബുലൻസിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കളാണ് കോടിയേരിയുടെ ഭൗതികശരീരം ചിതയിലേക്കെത്തിച്ചത്. മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതയ്ക്ക് തീകൊളുത്തി.
ഗൺ സല്യൂട്ട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വൈകിട്ട് മൂന്നരയോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽനിന്നു പയ്യാമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ കാൽനടയായി വിലാപയാത്രയെ അനുഗമിച്ചു. വഴിയിലുടനീളം വൻ ജനാവലിയാണ് ആദരാഞ്ജലി അർപ്പിക്കാൻ കാത്തുനിന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക