പ്രവാസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; അബുദാബിയിൽ നിന്നും നാട്ടിലെത്തിച്ച മൃതദേഹം സംസ്കരിച്ചില്ല
അബുദാബിയില്‍ തൂങ്ങിമരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും സംസ്കരിച്ചില്ല. പിറവം പാലച്ചുവട്, തേക്കുംമൂട്ടില്‍പ്പടി വെട്ടുപാറയ്ക്കല്‍ വി.എം. മനു (26) വിന്റെ മൃതദേഹം പോലീസ് വീണ്ടും പരിശോധനയ്ക്ക് അയച്ചു. അബുബിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്ത് വരികയായിരുന്ന മനുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെട്ടുപാറയ്ക്കല്‍ മണിയാചാരിയുടെയും കമലത്തിന്റെയും മകനാണ് മരിച്ച മനു.
അബുദാബിയില്‍ അടുത്ത ബന്ധുവിനൊപ്പമായിരുന്നു മനു താമസിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. എന്നാൽ മരണത്തിൽ ബന്ധുക്കളും വീട്ടുക്കാരും സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചു. പിറവം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഡിഎസ് ഇന്ദ്രരാജിനാണ് അന്വേഷണ ചുമതല.
2019ൽ ആണ് മനു ദുബായിൽ എത്തുന്നത്. ബിഎ ഗ്രാഫിക് ഡിസൈന്‍ പഠനം പൂർത്തിയാക്കിയ ശേഷം ആണ് ദുബായിൽ ജോലിക്കായി പോയത്. കഴിഞ്ഞ വർഷം അവധിക്ക് നാട്ടിൽ വന്നിരുന്നു. കഴിഞ്ഞ മാസം 24 മുതൽ മനുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. കൂടെ താമസിച്ചിരുന്ന ബന്ധുവുമായി ബന്ധപ്പെട്ടുവെങ്കിലും എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ മറുപടി കിട്ടിയില്ല. തുടർന്ന് അബുദാബിയിലെ സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചപ്പോഴാണ് മനു തൂങ്ങി മരിച്ച വിവരം ബന്ധുക്കൾ അറിയുന്നത്.
വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കണ്ണീറ്റുമല ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ബന്ധുക്കൾ മരണത്തിൽ ദുരൂഹത കണ്ടെത്തിയ സാഹചര്യത്തിൽ ആണ് മനുവിന്റെ പിതാവ് പോലീസിൽ പരാതി നൽകിയത്.
മനു ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇവർ പേലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. തുടർന്ന് പോലീസ് മൃതദേഹം ജെഎംപി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിശദ പരിശോധനയ്ക്കായി മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക