ബി.ജെ.പി പ്രാദേശിക നേതാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട സംഭവം: പാർട്ടി അനുഭാവി പിടിയിൽ, മരണം ക്രൂരമർദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ബി.ജെ.പി പ്രാദേശിക നേതാവ് ആര്യാട് കോമളപുരം സ്വദേശി ബിന്ദുമോനെ (45) കൊലപ്പെടുത്തി ചങ്ങനാശേരി എ.സി കോളനിയിലെ വീട്ടിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതിയായ മുത്തുകുമാറിനെ കലവൂർ ഐ.ടി.സി കോളനിയിൽനിന്ന് പിടികൂടി. മുത്തുകുമാറും ബി.ജെ.പി അനുഭാവിയാണ്.
ആലപ്പുഴ നോർത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചങ്ങനാശേരി പൊലീസിന് കൈമാറും. ആകെ മൂന്ന് പ്രതികൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റു രണ്ടു പേർ ഒളിവിലാണ്. ഇവർ കേരളം വിട്ടതായാണു സൂചനയെന്നും പൊലീസ് പറയുന്നു.
ബിന്ദുമോൻ്റെ മരണം ക്രൂരമർദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ. മർദനത്തിൽ ബിന്ദുമോന്‍റെ വാരിയെല്ലുകൾ തകർന്നതായി റിപ്പോർട്ടിൽ പറയുന്നു. മർദനമേറ്റതിന്‍റെ നിരവധി പാടുകളും ശരീരത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ആലപ്പുഴയിൽ കയർ ഫാക്ടറി തൊഴിലാളിയായ ബിന്ദുമോന്റെ മൃതദേഹം ശനിയാഴ്ചയാണ് മുത്തുകുമാർ വാടകക്ക് താമസിച്ചിരുന്ന വീടിനുള്ളിൽ മറവു ചെയ്ത് സിമന്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. ദൃശ്യം സിനിമ മാതൃകയിൽ കൊലപാതകം നടത്തിയതായി കഴിഞ്ഞ ദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബിന്ദുമോനും മുത്തുകുമാറും മുൻ പരിചയക്കാരാണ്. രണ്ടുപേരും തമ്മിൽ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.
അവിവാഹിതനായ ബിന്ദുമോനെ കഴിഞ്ഞ 26 മുതൽ കാണാനില്ലായിരുന്നു. അവസാനം ഫോൺ വിളിച്ചവരിലേക്ക് ആലപ്പുഴ നോർത്ത് പൊലീസിന്റെ അന്വേഷണമെത്തി. ഇതിൽ മുത്തുവിന്റെ പ്രതികരണത്തിൽ സംശയം തോന്നി. സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടും മുത്തു എത്തിയതുമില്ല. ഇത് പൊലീസിൽ കൂടുതൽ സംശയങ്ങൾക്ക് വഴിവെച്ചു.
മുത്തുവിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നോക്കി ആലപ്പുഴ പൊലീസ് വെള്ളിയാഴ്ച രാത്രി ചങ്ങനാശേരിയിലെ വീട്ടിലെത്തുകയായിരുന്നു. അടുക്കളയോടു ചേർന്നുള്ള ചായ്പിൽ കോൺക്രീറ്റ് തറയുടെ ഭാഗങ്ങൾ പുതുതായി സിമന്റ് ഇട്ട് ഉറപ്പിച്ചിരിക്കുന്നതു പൊലീസിന്റെ ശ്രദ്ധയിൽപെട്ടു. ഇന്നലെ തറ പൊളിച്ച് മൃതദേഹം കണ്ടെത്തി. തറ നിരപ്പിൽനിന്നു രണ്ടടി താഴ്ചയിലായിരുന്നു കുഴി. ആലപ്പുഴയിൽ നിന്നുള്ള ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. തുടർന്ന് മുത്തുകുമാർ ഒളിവിൽ പോകുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെയേ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ എന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക