പൊതുപ്രവര്‍ത്തകനും സുന്നി നേതാവുമായിരുന്ന കെ.പി.എം കുട്ടി പുളിയക്കോട് ജിദ്ദയില്‍ നിര്യാതനായി
പൊതുപ്രവര്‍ത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മുന്‍നിര പ്രവര്‍ത്തകനുമായിരുന്ന കെ.പി മുഹമ്മദ് കുട്ടി മൗലവി എന്ന കെ.പി.എം കുട്ടി പുളിയക്കോട് (66) സൌദിയിലെ ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണമടയുകയായിരുന്നു.
42 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം 1979 ലാണ് ജിദ്ദയില്‍ എത്തിയത്. സുന്നി മർക്കസ്, എസ്.വൈ.എസ് സംഘടനകളുടെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചതോടൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പ്രചാരണമെത്തിച്ചു. നാട്ടിൽ നിന്ന് തൊഴിലില്ലാ വിസയിൽ (ഫ്രീ വിസ) ജിദ്ദയിലെ തന്റെ ജാമിഅയിലെ റൂമിലെത്തുന്നവരെ തുറന്ന മനസ്സോടെ സ്വീകരിച്ച കെ.പി.എം കുട്ടി തന്റെ റൂമിൽ താമസിക്കാനുള്ള സൗകര്യമേർപ്പെടുത്തുകയും അവരുടെ സ്പോൺസർമാരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു.
കീഴിശ്ശേരിയിലെ ‘മജ്മഅ ഇസ്സത്തുൽ ഇസ്ലാം’ കോംപ്ലക്സ് ഇസ്സത്ത് പടുത്തുയർത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചത് ഇദ്ദേഹമായിരുന്നു. തുടർന്ന് മരണം വരെ ആ സ്ഥാപനത്തിന്റെ എല്ലാമെല്ലാമായി ഇദ്ദേഹം വർത്തിച്ചു. കരുവാരകുണ്ട്, പാലക്കുറ്റി (കൊടുവള്ളി), കോടങ്ങാട് എന്നിവിടങ്ങളിലെ ദർസുകളിൽ പഠിച്ചിരുന്നു. പരേതരായ സി.എസ് മൊയ്തീൻകുട്ടി മുസ്ല്യാർ ചുള്ളിക്കോട്, ഉണ്ണിമോയീൻ ഹാജി ഉഗ്രപുരം, ചെറുശ്ശേരി സൈനുദ്ദീൻ മുസ് ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥർമാർ.
പുളിയക്കോട് മേൽമുറിയിലെ പൗര പ്രധാനിയായിരുന്ന പരേതനായ കെ.പി ആലികുട്ടി ഹാജിയാണ് പിതാവ്. ഭാര്യ: മുണ്ടംപറമ്പ് നരിക്കമ്പുറത്ത് ആമിനക്കുട്ടി, മക്കൾ: ഷൗക്കത്ത് അലി (സൗദി), സഫിയ, ഉമ്മുസൽമ, ഫൗസി മുഹമ്മദ്, ജാമാതാക്കൾ: ഹാഫിള് അഹ്മദ് മുഹ് യുദ്ദീൻ സഖാഫി, എ.പി.ഇബ്റാഹീം സഖാഫി അൽഅസ്ഹരി, സഹോദരങ്ങൾ: കെ.പി.മൊയ്തീൻകുട്ടി ഫൈസി, കെ.പി ഇബ്റാഹീം ഹാജി (കെ.പി ബുക്സ്), കെ.പി.അബ്ദുറഹ്മാൻ, കെ.പി സുലൈമാൻ.
മയ്യിത്ത് മക്കയിലോ ജിദ്ദയിലോ ഖബറടക്കം നടത്തും. ജിദ്ദ ഐ.സി.എഫ് പ്രവർത്തകരും ബന്ധുക്കളും നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക