ജിദ്ദ നഗരവികസനം: രണ്ട് പ്രദേശങ്ങളിൽകൂടി കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങി
സൌദി അറേബ്യയിലെ ജിദ്ദയിൽ നഗരവികസനത്തിന്റെ ഭാഗമായി രണ്ട് ഡിസ്ട്രിക്ടുകളിൽ കൂടി കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങി. നേരത്തെ അറിയിപ്പ് നൽകിയതനുസരിച്ച് ഹയ്യ അൽ അദ്‌ലിലും ഹയ്യ അൽ ഫദ്‌ലിലുമാണ് കഴിഞ്ഞ ദിവസം കെട്ടിടം പൊളിച്ചു തുടങ്ങിയത്. കൂടാതെ ഇനി പൊളിക്കുവാനുള്ള ഉമ്മുസ്സലം, കിലോ 14 എന്നിവിടങ്ങളിൽ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി, വെള്ളം സേവനങ്ങൾ വിഛേദിക്കുകയും ചെയ്തു.
നഗരവികസനത്തിൻ്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിലാണ് ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിച്ച് തുടങ്ങിയത്. രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 32 ഡിസ്ട്രിക്ടുകളാണ് പൊളിച്ച് നീക്കുക. അതിൽ ഉമ്മു സല്‍മിലും കിലോ 14നും പൊളിക്കല്‍ പൂര്‍ത്തിയാകുന്നതോടെ പൊളിക്കല്‍ പദ്ധതിയുടെ ആദ്യ ഘട്ടം അവസാനിക്കും.
രണ്ടാം ഘട്ടത്തിൽ 32 ഡിസ്ട്രിക്ടുകളിൽ വികസനം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അവിടെങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കില്ല. അതിന് പകരമായി കെട്ടിടങ്ങളും തെരുവുകളും മോഡിപിടിപ്പിക്കുകയാണ് ചെയ്യുക.
അതേസമയം പൊളിച്ച് നീക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ നഷ്ടപരിഹാരത്തിന് ആവശ്യമായ രേഖകളുമായി ഉടന്‍ സമീപിക്കണമെന്ന് ചേരിവികസന സമിതി ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകള്‍, ഉടമയുടെ തിരിച്ചറിയല്‍ രേഖ, ബാങ്ക് എകൗണ്ട് നമ്പര്‍ തുടങ്ങിയവാണ് ആവശ്യമായ രേഖകള്‍.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക