കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെ​ന്നൈ: സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. 69 വയസ്സായിരുന്നു.  ചെ​ന്നൈ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്ന കോ​ടി​യേ​രി​യു​ടെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

തലശ്ശേരിയിൽ നിന്ന് അഞ്ചുതവണ നിയമസഭയിലെത്തിയ കോടിയേരി 2006-2011 വിഎസ് മന്ത്രിസഭയിൽ ആഭ്യന്തരമടക്കമുള്ള വകുപ്പുകള് കൈകാര്യം ചെയ്തിരുന്നു. നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

 

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അർബുദ രോ​ഗത്തെ തുടർന്ന് പദവിയൊഴിഞ്ഞ് ചെന്നൈയിലേക്ക് ചികിൽസയ്ക്കു പോവുകയായിരുന്നു. ചികിൽസയ്ക്കിടെ ആരോ​ഗ്യം കോടിയേരി ആരോ​ഗ്യം വീണ്ടെടുത്തുവെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പുതിയ ഫോട്ടോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനിടെ പനി പിടിപ്പെട്ടതാണ് കോടിയേരിയുടെ അവസ്ഥ വഷളാക്കിയതും അന്ത്യം സംഭവിച്ചതും.

 

1953 നവംബർ 16ന് കണ്ണൂർ ജില്ലയിലെ കോടിയേരിയിൽ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി ജനനം. കോടിയേരിയിലെ ജൂനിയർ ബേസിക് സ്കൂൾ, കോടിയേരി ഓണിയൻ ​ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മാഹി മഹാത്മാ​ഗാന്ധി ​ഗവൺമെന്റ് കോളജിൽ നിന്നും പ്രീഡി​ഗ്രിയും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ബിരുദവും കരസ്ഥമാക്കി.

 

ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് എസ്എഫ്ഐയുടെ പൂർവരൂപമായ കെഎസ്എഫിന്റെ യൂനിറ്റ് സെക്രട്ടറിയായിരുന്നു. മാഹി കോളജ് ചെയർമാനായും പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ രൂപീകരണ സമ്മേളനത്തിലും കോടിയേരി സംബന്ധിച്ചു. 1973ൽ കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം തന്നെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും കോടിയേരി തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ ഈ പദവിയിൽ തുടർന്നു. അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി 16 മാസം ജയിലിൽ കഴിഞ്ഞു.

 

1980 മുതൽ 82 വരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. 1988ൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അം​ഗമായി തിരഞ്ഞെടുത്തു. 1990 മുതൽ 95 വരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 1995ൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2002ൽ കേന്ദ്രകമ്മിറ്റിയിലേക്കും 2008ൽ പൊളിറ്റ് ബ്യൂറോ അം​ഗമായും കോടിയേരിയെ തിരഞ്ഞെടുക്കുകയുണ്ടായി. 2015ൽ നടന്ന ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരിയെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 2018ലും കോടിയേരിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സെക്രട്ടറിയായി തുടരവെയാണ് അസുഖബാധിതനായതും പദവിയൊഴിഞ്ഞു ചികിൽസയ്ക്കുപോയതും.

ഭാര്യ: എസ് ആർ വിനോദിനി. മക്കൾ: ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ

Share
error: Content is protected !!