പ്രവാസി വനിതകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ
ബഹ്റൈനില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‍തു. വിദേശത്തു നിന്ന് സ്‍ത്രീകളെ ബഹ്റൈനില്‍ എത്തിച്ച ശേഷം അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തിലാണ് നടപടി. ഇത് സംബന്ധിച്ച വിവരങ്ങളുള്ള ഒരു ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
34 വയസുകാരനായ സ്വദേശി യുവാവാണ് പിടിയിലായത്. ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ഇത് പിന്തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്ന് ബഹ്റൈനിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കെണിയില്‍ അകപ്പെട്ട പ്രവാസി വനിതകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. പ്രതിയായ യുവാവ് നേരത്തെയും മനുഷ്യക്കടത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്. മയക്കുമരുന്ന് കേസില്‍ 2010ല്‍ ഇയാള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നുവെന്നും അധികൃതര്‍ കണ്ടെത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക