കെഎസ്ആർടിസി ഡിപ്പോയിൽ അച്ഛനും മകൾക്കും മർദനം: സെക്യൂരിറ്റി ജീവനക്കാരന്‍ പിടിയിൽ, ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ കൺസഷൻ ടിക്കറ്റ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിൽ ആദ്യ അറസ്റ്റ്. സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷാണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം തിരുമലയിൽ നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ പ്രേമനനും മകൾ രേഷ്മയ്ക്കുമാണ് മർദനമേറ്റത്. മുൻകൂർ ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സി.പി.മിലന്‍ എന്നിവരാണ് മറ്റു പ്രതികൾ. ഇവർ വിവിധ യൂണിയനുകളിൽ അംഗങ്ങളും നേതാക്കളുമാണ്. ശേഷിക്കുന്ന പ്രതികളും ഉടൻ പിടിയിലാകുമെന്നാണ് സൂചന.
ഈ മാസം 20ന് നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തു വരികയും വലിയ ചർച്ചയാകുകയും ചെയ്തതോടെ കെഎസ്ആർടിസി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. രേഖകൾ നേരത്തെ ഹാജരാക്കിയിരുന്നതിനാൽ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് അധികൃതർ വ്യാഴാഴ്ച വീട്ടിലെത്തിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക