കുട്ടികളെ ചേര്‍ത്തു, വന്‍തുക ഫീസും നല്‍കി; ഒരാഴ്ച കഴിഞ്ഞപ്പോള്‍ സ്‍കൂള്‍ കാണാനില്ല…! പ്രവാസികളുൾപ്പെടെ നിരവധി പേർക്ക് പണം നഷ്ടമായി

ലൈസന്‍സില്ലാത്ത സ്‍കൂളിന്റെ പേരില്‍ രക്ഷിതാക്കളെ കബളിപ്പിച്ചയാളെ അജ്‍മാനില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. നിരവധി രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസിന്റെ നടപടി. ‘വ്യാജ സ്‍കൂളില്‍’  കുട്ടികളെ ചേര്‍ക്കുകയും വന്‍തുക ഫീസ് നല്‍കുകയും ചെയ്‍തവരാണ് ഒടുവിൽ കബളിപ്പിക്കപ്പെട്ടത് തിരിച്ചറിഞ്ഞ് പരാതി നല്‍കിയത്.

പുതിയ അധ്യയന വര്‍ഷം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് സ്‍കൂള്‍ അടച്ചുപൂട്ടുകയും സ്‍കൂളിന്റെ ഡയറക്ടര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും അപ്രത്യക്ഷരാവുകയുമായിരുന്നെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പ്രവാസികളുൾപ്പെടെ 1500 ഓളം രക്ഷിതാക്കള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ സ്‍കൂളിന്റെ ലൈസന്‍സ് റദ്ദാക്കപ്പെട്ടുവെന്നാണ് വിശദീകരണം. എന്നാല്‍ ഈ അക്കാദമിക വര്‍ഷത്തില്‍ സ്‍കൂള്‍ തുറക്കാന്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ലെന്ന് അജ്‍മാനിലെ അല്‍ ജര്‍ഫ് കോംപ്രഹെന്‍സീവ് പൊലീസ് സ്റ്റേഷന്‍ മേധാവി മേജര്‍ മുഹമ്മദ് അല്‍ ഷാലി പറഞ്ഞു. ഇത് വകവെക്കാതെ ഇയാള്‍ സ്‍കൂളിലെ അഡ്‍മിഷന്‍ നടപടികളുമായി മുന്നോട്ട് പോവുകയും ഫീസ് വാങ്ങുകയും ചെയ്‍തു.

സ്‍കൂളിലേക്ക് കുട്ടികളുടെ രജിസ്ട്രേഷന്‍ തുടങ്ങിയെന്ന് പരസ്യം ചെയ്യുകയും നിരവധി ഓഫറുകള്‍ നല്‍കി രക്ഷിതാക്കളെ അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പണം വാങ്ങിയതിന് രക്ഷിതാക്കള്‍ക്കെല്ലാം രസീത് ഒപ്പിട്ട് നല്‍കിയിട്ടുണ്ട്. പിന്നീട് സ്‍കൂള്‍ അടച്ചുപൂട്ടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.

പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയ പൊലീസ്, പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ലൈസന്‍സ് റദ്ദായെങ്കിലും താന്‍ അഡ്‍മിഷന്‍ നടത്തിയെന്ന് ഇയാള്‍ സമ്മതിച്ചു. 1500ല്‍ അധികം രക്ഷിതാക്കളില്‍ നിന്ന് ഫീസ് കൈപ്പറ്റിയെന്നും ഇയാള്‍ പറഞ്ഞു. രക്ഷിതാക്കള്‍ സ്‍കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് മുമ്പ് സ്കൂളുകളുടെ ലൈസന്‍സ് വിവരങ്ങള്‍ പരിശോധിക്കണമെന്നും ഒരു തരത്തിലുമുള്ള നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!