കോണ്ടവും വേണോ? നാപ്കിനെ കുറിച്ച് ചോദിച്ച വിദ്യാര്‍ഥിനിയോട് രൂക്ഷമായി പ്രതികരിച്ച് IAS ഉദ്യോഗസ്ഥ
പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ ചിലവില്‍ സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ച വിദ്യാര്‍ഥിനിയോട് രൂക്ഷമായി പ്രതികരിച്ച് ഐഎഎസ് ഉദ്യോഗസ്ഥ. ബിഹാറില്‍ 9-10 ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ശിശു-വനിതാക്ഷേമ വകുപ്പ് സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു സംഭവം.
20-30 രൂപയ്ക്ക് പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമോ എന്നായിരുന്നു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ചോദ്യം. എന്നാല്‍ ‘നാളെ നിങ്ങള്‍ പറയും സര്‍ക്കാര്‍ ജീന്‍സ് നല്‍കണമെന്ന്, അതുകഴിഞ്ഞ ഷൂസ് നല്‍കണമെന്ന് വഴിയെ സര്‍ക്കാര്‍ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നല്‍കണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കും’ എന്നായിരുന്നു ഐഎസ് ഉദ്യോഗസ്ഥയായ ഹര്‍ജോത് കൗര്‍ ഭമ്രയുടെ പ്രതികരണം.
ജനങ്ങളുടെ വോട്ടുകളാണ് സര്‍ക്കാരിനെ ഉണ്ടാക്കുന്നത് എന്നായിരുന്നു വിദ്യാര്‍ഥിനിയുടെ മറുപടി. ആ ചിന്ത വിഡ്ഡിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ അടുത്ത മറുപടി. ‘അങ്ങനെയെങ്കില്‍ വോട്ട് ചെയ്യരുത്, പാകിസ്താനാവുകയാണോ ഉദ്ദേശം? നിങ്ങള്‍ പണത്തിനും സൗകര്യത്തിനും വേണ്ടി വോട്ട് ചെയ്യുമോ എന്നും അവര്‍ ചോദിച്ചു. എന്നാല്‍ താന്‍ ഇന്ത്യാക്കാരിയാണെന്നും എന്തിനാണ് പാകിസ്താനാവുന്നതെന്നും പെണ്‍കുട്ടി തിരിച്ചുചോദിച്ചു.
പിന്നാലെ സ്‌കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള മറ്റൊരു കുട്ടിയുടെ ചോദ്യമെത്തി, പെണ്‍കുട്ടിയുടെ ശുചിമുറിക്ക് സുരക്ഷയില്ലെന്നും ആണ്‍കുട്ടികള്‍ അവിടേക്ക് വരുന്നുവെന്നുമായിരുന്നു കുട്ടിയുടെ ആശങ്ക. എന്നാല്‍ ‘ വീട്ടില്‍ നിങ്ങള്‍ക്ക് പ്രത്യേകം ശുചിമുറിയുണ്ടോ? എപ്പോഴും നിങ്ങള്‍ പലസ്ഥലങ്ങളിലായി പല കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് എങ്ങനെ നടക്കുമെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. എല്ലാം സര്‍ക്കാര്‍ നല്‍കണമെന്ന ചിന്ത എന്തുകൊണ്ടാണ്? ഈ ചിന്ത തെറ്റാണ്. ഇതൊക്കെ നിങ്ങള്‍ സ്വയം ചെയ്യൂ എന്നും അവര്‍ വിശദീകരിച്ചു.
വിദ്യാര്‍ഥികളുമായുള്ള സംവാദത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായി. എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് താന്‍. സമൂഹത്തില്‍ തനിക്കുള്ള വില തകര്‍ക്കാനാണ് ഇത്തരം വിവാദങ്ങളെന്നും അവര്‍ പ്രതികരിച്ചു. വകുപ്പുതല പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ് ഭമ്ര.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക