പോപ്പുലർ ഫ്രണ്ട് നിരോധനം: മുസ്ലീം സംഘടനകളും നേതാക്കളും നിലപാടുകൾ വ്യക്തമാക്കുന്നു
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സംഭവത്തിൽ വിവിധ മുസ്ലിം സംഘടനകളും നേതാക്കളും നിലപാടുകൾ വ്യക്തമാക്കി.
പോപുലർ ഫ്രണ്ട് നിരോധനത്തെ പിന്തുണക്കുന്നില്ലെന്നും നിരോധനം കൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തെയും ഉന്മൂലനം ചെയ്യാനാകില്ലെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
റിഹാബ് ഫൗണ്ടേഷനുമായി പാർട്ടിക്കോ മുഹമ്മദ് സുലൈമാനോ ബന്ധം ഇല്ല. റിഹാബ് ഫൗണ്ടേഷൻ തുടക്കത്തിൽ നല്ല സംഘടന ആയിരുന്നു. പിന്നീട് ചിലർ ആ സംഘടനയിൽ നുഴഞ്ഞു കയറി.അതോടെയാണ് മുഹമ്മദ് സുലൈമാൻ അതിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പോപുലർ ഫ്രണ്ട് നിരോധനത്തിൽ സർക്കാർ തീരുമാനം അംഗീകരിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ദുബൈയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങൾക്ക് നൽകിയ വിഡിയോയിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്.
എല്ലാ തീവ്രവാദ സംഘടനകൾക്കും നിരോധനം ഒരുപോലെ ബാധകമാകണം. സഹിഷ്ണുതയും സാഹോദര്യവും മതേതരത്വവും ആണ് മുസ്ലിം ലീഗ് മുന്നോട്ടുവെക്കുന്ന സന്ദേശം. മുസ്ലിം ലീഗ് എന്നും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്തുണയുമായി കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എൻ.എം). നിരോധനം പി.എഫ്.ഐ ചോദിച്ചുവാങ്ങിയതാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. നിരോധനം സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടാണ്. ആർ.എസ്.എസും സംഘപരിവാര സംഘടനകളും നടത്തുന്ന അതേ വർഗീയ ധ്രുവീകരണം തന്നെയാണ് പോപുലർ ഫ്രണ്ടും നടത്തുന്നത്. തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങൾക്കും കടിഞ്ഞാണിടണം. അല്ലെങ്കിൽ നിരോധനം കൊണ്ട് ഫലം ഇല്ലാതെ വരുമെന്നും അബ്ദുല്ലക്കോയ മദനി കൂട്ടിച്ചേർത്തു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി. സര്‍ക്കാര്‍ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇതിനെ ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി.
രാജ്യത്തെ നിയമം ലംഘിക്കുകയും രാജ്യസുരക്ഷയെയും ക്രമസമാധാനത്തെയും തകര്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയും സംഘങ്ങളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ശക്തമായ നടപടി സ്വീകരിക്കുകയും വേണം. അതേസമയം, സംഘടനാ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്.
ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് സംഘങ്ങള്‍ സൈ്വര്യവിഹാരം നടത്തിക്കൊണ്ടിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്. ആശയപ്രബോധനങ്ങളിലൂടെ ആശയങ്ങളെ നേരിടുകയെന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും ജമാഅത്തെ ഇസ്‌ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ഭൂരിപക്ഷന്യൂനപക്ഷ സൗഹൃദത്തിലൂടെ മാത്രമേ രാജ്യത്തിന് വളര്‍ച്ചയുണ്ടാകൂ എന്നതാണ് ലീഗ് നിലപാട്. എന്നാൽ വെറുപ്പിന്റെ പ്രചാരകരായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം കയറൂരി വിടുന്നത് നിഷ്പക്ഷ നിലപാടല്ല. അന്തര്‍ദേശീയ തലത്തില്‍ തന്നെ വിവാദമായ പ്രസ്താവനകള്‍ നടത്തുന്ന സംഘടനകള്‍ കേന്ദ്ര ഭരണത്തിന്റെ തണലില്‍ യാതൊരു പ്രശ്‌നവുമില്ലാതെ ഇരിക്കുകയാണ്. നിര്‍ബാധം ഒരു കൂട്ടരെ വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ വിടുകയും മറ്റൊരു കൂട്ടരെ നിരോധിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ യാതൊരു സ്വീകാര്യതയും കിട്ടിയിട്ടില്ല. മുസ്‌ലിംലീഗാണ് ഇത്തരം ശക്തികളെ ഒറ്റയ്ക്ക് എതിര്‍ത്ത് തോല്‍പിച്ചത്. ലീഗിനെതിരെ സാമ്പാര്‍ മുന്നണിയുണ്ടാക്കിയപ്പോള്‍ അതിലൊരു കഷ്ണമായിരുന്നു എസ്.ഡി.പി.ഐയെന്നും ആശയപരമായ ഈ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും (പി.എഫ്.ഐ) അതിന്റെ അനുബന്ധ സംഘടനകൾക്കും മേൽ ഏർപ്പെടുത്തിയ അഞ്ച് വർഷത്തെ നിരോധനത്തെ അപലപിച്ച് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി. ചില വ്യക്തികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് സംഘടനയെ തന്നെ കുറ്റപ്പെടുത്തുന്നതും നിരോധിക്കുന്നതും ന്യായമല്ല എന്നും അദ്ദേഹം പറഞ്ഞു.
പി.എഫ്.ഐയുടെ രീതികളെ താൻ എല്ലായ്‌പ്പോഴും എതിർത്തിരുന്നെങ്കിലും സംഘടനക്കെതിരായ ക്രൂരവും അപകടകരവുമായ നിരോധനത്തെ പിന്തുണക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാൻ എല്ലായ്‌പ്പോഴും പി.എഫ്.ഐയുടെ സമീപനത്തെ എതിർക്കുകയും ജനാധിപത്യ സമീപനത്തെ പിന്തുണക്കുകയും ചെയ്യുമെങ്കിലും, പി.എഫ്.ഐയുടെ ഈ നിരോധനത്തെ പിന്തുണക്കാൻ കഴിയില്ല’ -അദ്ദേഹം പറഞ്ഞു. തന്റെ അഭിപ്രായം തുറന്നുപറയാൻ ആഗ്രഹിക്കുന്ന ഏതൊരു മുസ്ലീമിനും ഇത് വിലക്ക് ആണെന്നും ഉവൈസി ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നിരോധനത്തിന് പിന്നാലെ സംഘടന പിരിച്ചുവിട്ടതായി പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ സത്താര്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഫേസ് ബുക്ക് പേജിൻ്റെ പൂർണ രൂപം:
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിയമവിരുദ്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറത്തിറക്കിയതായി അറിയിക്കുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമൂഹത്തിലെ നിരാലംബരും അധഃസ്ഥിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക ശാക്തീകരണത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ പരിശ്രമിക്കുന്ന ഒരു സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. എല്ലാ ഇന്ത്യന്‍ പൗരന്മാരും തുല്യ സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന സമത്വ സമൂഹത്തിന് വേണ്ടിയാണിത്.
പക്ഷേ, മഹത്തായ നമ്മുടെ രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാര്‍ എന്ന നിലയില്‍, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുന്‍ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുകയും ചെയ്യുന്നു.
നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.
എ അബ്ദുല്‍ സത്താര്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക