പോപുലർ ഫ്രണ്ട് നിരോധനം: വിവിധ സംഘടനകൾ നിലപാട് വ്യക്തമാക്കുന്നു

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ പ്രവർത്തനം അഞ്ച് വർഷത്തേക്ക് നിരോധിച്ചുള്ള വിജ്ഞാപനം ഇന്ന് രാവിലെയാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. പോപുലർ ഫ്രണ്ടിന്‍റെ എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാക്കിയിട്ടുണ്ട്.

രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

 

നിരോധനം പരിഹാരമല്ലെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ട്രറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ നടന്ന കൊലപാതകങ്ങൾ നിരോധനത്തിന് കാരണമായി കാണാനാകില്ല. കാരണം അത്തരം സംഭവങ്ങളിൽ മറുവശത്ത് ആർ.എസ്.എസും ഉണ്ടായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

 

 

എന്നാൽ നിരോധനം കൊണ്ട്​ ഒരു ആശയത്തെയും ഇല്ലാതാക്കാനാകില്ലെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്​റ്റർ. പോപുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ പറ്റി കൂടുതൽ കാര്യങ്ങൾ കേന്ദ്ര കമ്മിറ്റി വ്യക്​തമാക്കും. നിരോധനം കൊണ്ട്​ പ്രശ്​നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്​. സംസ്ഥാന സർക്കാർ എന്ന നിലക്ക്​ കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുമെന്നും ​അദ്ദേഹം മാധ്യമങ്ങളോട്​ വ്യക്​തമാക്കി.
പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്​ലിം സമുദായത്തിനുണ്ടെന്ന് മുസ്​ലിം ലീഗ്. സംഘടനയെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് ലീഗ് നേതാവ് എം.കെ.മുനീർ പറഞ്ഞു. ‘‘നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. പുതിയ തലമുറയെ ഇത്തരം സംഘടനകൾ വഴിതെറ്റിക്കുന്നു. വാളെടുക്കണമെന്നു പറയുന്നവർ ഏത് ഇസ്‌ലാമിന്റെ ആളുകളാണ്. ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടേണ്ടതുണ്ട്’’ – മുനീർ കൂട്ടിച്ചേർത്തു.
ഒരു സമുദായത്തിൽനിന്ന് ഇതുപോലുള്ള പ്രവൃത്തികളുമായി വരുന്നവരെ പ്രതിരോധിക്കേണ്ടത് ആ സമുദായത്തിന്റെ ബാധ്യതയാണ്. ഞങ്ങൾ ആ കടമ നിർവഹിക്കുന്നു. ആർഎസ്എസിന്റെ ഭീഷണികളെ എന്നും നേരിട്ടിട്ടുള്ളത് ഹിന്ദു സമൂഹം തന്നെയാണ്. അതാണ് ഇവിടുത്തെ മതസൗഹാർദ്ദം. ഞങ്ങളിൽനിന്നുവരുന്ന പോരായ്മകളെ പരിഹരിക്കേണ്ടത് ഞങ്ങൾത്തന്നെയാണെന്നു തീരുമാനിച്ച് സമൂഹവും സമുദായങ്ങളും മുന്നോട്ടു വരണം’’ – എം.കെ. മുനീർ കൂട്ടിച്ചേർത്തു.

എന്നാൽ മുസ്ലീം ലീഗിൻ്റെ ഔദ്യോഗിക നിലപാട് അൽപസമയത്തിനകം പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേവല നിരോധനം കൊണ്ടു മാത്രം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെറുപ്പും വിദ്വേഷവും പടർത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജന്‍ഡയാണ് ആർഎസ്എസിനുമുള്ളത്. ഇതുമായി കോൺഗ്രസ് സമരസപ്പെടില്ലെന്നും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാണു ഭാരത് ജോഡോ യാത്ര. ഭിന്നിപ്പിക്കലല്ല ഒന്നിപ്പിക്കലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സതീശന്‍ മലപ്പുറത്ത് പറഞ്ഞു.
ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയുമെല്ലാം നിലനിൽപ്പ് പരസ്പര സഹായങ്ങളോടെയാണ്. ഒരു കാരണവശാലും ഇത്തരം ശക്തികൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. അവരെ നിർത്തേണ്ടിടത്ത് നിർത്തണം. ഭാരത് ജോഡോ യാത്രയുടെ സന്ദേശം അതാണ്. ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തെ വിഭജിപ്പിക്കാനാണ്. ഭാരജ് ജോഡോ രാജ്യത്തെ ഒന്നിപ്പിക്കും. ആർഎസ്എസും ഇതുപോലെ തന്നെ പ്രവർത്തിക്കുന്ന സംഘടനയാണ്. അവരും ഇതുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്’’ – സതീശൻ കൂട്ടിച്ചേർത്തു.
പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം ബിജെപി സര്‍ക്കാര്‍ തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ ഭാഗമാണെന്ന് എസ്ഡിപിഐ. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി പറഞ്ഞു.
ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ റെയ്ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍പറത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനകീയ പ്രതിഷേധങ്ങളേയും സംഘടനകളെയും അടിച്ചമര്‍ത്തുകയാണ് ബിജെപി സര്‍ക്കാര്‍. സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തിയും നിയമങ്ങള്‍ കൊണ്ടുവന്ന് പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനങ്ങള്‍ ഉയര്‍ത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ട് തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി ബിജെപി നേതൃത്വം കൊടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തെ എതിര്‍ക്കേണ്ട സാഹചര്യമാണിതെന്നും എംകെ ഫൈസി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Share
error: Content is protected !!