ടൂറിസം അതോറ്റിയുടെ സഹകരണത്തോടെ ഉംറ തീർഥാടകർക്കും സന്ദർശകർക്കുമായി പുതിയ ഓൺലൈൻ പ്ലാറ്റ് ഫോം ‘നുസ്‌ക്ക്’ പ്രവർത്തനമാരംഭിച്ചു
ഉംറ തീർഥാടകർക്കും സന്ദർശകർക്കുമായി പുതിയ ഏകീകൃത ഓണ്ലൈൻ പ്ലാറ്റ് ഫോം ആരംഭിച്ചതായി സൌദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്ക് (نسك) എന്ന പേരിലാണ് പുതിയ പോർട്ടൽ അറിയപ്പെടുക. ലോകമെമ്പാടുമുള്ള തീർത്ഥാടകരുടെ ഉംറയും സന്ദർശനവും നിർവഹിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിൻ്റെ ഭാഗമായാണിത്.
തീർഥാടകരുടെ അനുഭവം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മക്കയിലേക്കും മദീനയിലേക്കും വരുന്ന സന്ദർശകർക്കുള്ള പുതിയ ഓണ്ലൈൻ പോർട്ടലായിരിക്കും നുസുക്ക് പ്ലാറ്റ്‌ഫോം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ഉംറ ചെയ്യാനോ സന്ദർശനത്തിനോ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ വിസകളും പെർമിറ്റുകളും നൽകാനും പാക്കേജുകളും പ്രോഗ്രാമുകളും ഓൺലൈനായി ബുക്ക് ചെയ്യാനും നുസ്ക്ക് പ്രാപ്‌തമാക്കുന്നു. കൂടാതെ ഇന്ററാക്ടീവ് മാപ്പുകളും ഷോകൾക്കും ആക്‌റ്റിവിറ്റികൾക്കുമുള്ള കലണ്ടറും ഉൾപ്പെടെ മറ്റു നിരവധി സേവനങ്ങളും ഇതിലൂടെ ലഭ്യമാകും.
വിവിധ ഭാഷകളിലുള്ള എല്ലാ നിർദ്ദേശങ്ങൾക്കുമുള്ള ഡിജിറ്റൽ ഗൈഡും ആരോഗ്യ വിവരങ്ങളും സേവനങ്ങളും പുതിയ പ്ലാറ്റ് ഫോമിൽ താമസിയാതെ ഉൾപ്പെടുത്തുന്നതാണ്. കൂടാതെ തീർത്ഥാടകർക്കും സന്ദർശകർക്കും അവരുടെ സേവനങ്ങൾ ഇലക്‌ട്രോണിക് ആയി നൽകാൻ സേവന ദാതാക്കളെ പ്രാപ്തരാക്കുന്നു. ഈ ആവശ്യത്തിനായി നിലവിൽ പ്രവർത്തിച്ചുവരുന്ന “മഖാം” പ്ലാറ്റ്‌ഫോമിൻ്റെ പ്രവർത്തനം തുടരും. നിലവിൽ മഖാമിലുള്ള എല്ലാ സേവനങ്ങളും നുസുക്കിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയാകുന്നത് വരെ മഖാമിൻ്റെ സേവനം തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
സൗദി ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് നുസ്ക്ക് പ്ലാറ്റ്ഫോം ആരംഭിച്ചത്. തീർത്ഥാടകരുടെ യാത്രയെ സമ്പന്നമാക്കുക, റിസർവേഷൻ, ആശയവിനിമയ നടപടിക്രമങ്ങൾ എന്നിവ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ “സ്പിരിറ്റ് ഓഫ് സൗദി അറേബ്യ” യിൽ നൽകുന്ന സേവനങ്ങളുമായി നുസ്ക്കിനെ ബന്ധിപ്പിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അവർക്ക് വിവിധ പാക്കേജുകളും പ്രോഗ്രാമുകളും തെരഞ്ഞെടുക്കാൻ നുസ്ക്കിലൂടെ സാധിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക