കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും പോലീസ് റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന

ഇന്നലെ (ഞായറാഴ്ച) കണ്ണൂരിലെ മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആരംഭിച്ച പൊലീസ് റെയ്ഡ് ഇന്നും തുടരുന്നു. നടുവിനാട്, പാലോട്ടുപള്ളി മേഖലകളിലാണ് കൂത്തുപറമ്പ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്. വെള്ളിയാഴ്ച നടന്ന ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലീസ് പരിശോധന.

കഴിഞ്ഞദിവസവും കണ്ണൂര്‍ ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും ചില സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍, മട്ടന്നൂര്‍, പാപ്പിനിശ്ശേരി, വളപട്ടണം എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ഞായറാഴ്ച കണ്ണൂര്‍ താണയിലെ ബി-മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്ടോപ്പ്, ഒരു ഡെസ്‌ക് ടോപ്പ്, രണ്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് പാസ്ബുക്കുകള്‍, ഏതാനും രേഖകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

 

 

കണ്ണൂര്‍ ഫോര്‍ട്ട് ലൈറ്റ് കോംപ്ലക്‌സിലെ ‘സ്‌പൈസ്മാന്‍’, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തെ വസ്ത്രവ്യാപാരസ്ഥാപനമായ ‘പാര’ എന്നിവിടങ്ങളിലും പോലീസ് പരിശോധന നടത്തി. പാപ്പിനിശ്ശേരി അക്ഷയ കേന്ദ്രം, വളപട്ടണം പോലീസ് സ്റ്റേഷന്റെ പിന്നിലുള്ള ഗോഡൗണ്‍, കീരിയാട്ടെ ഷോപ്പ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു.

മട്ടന്നൂര്‍, പാലോട്ടുപള്ളി, നടുവനാട്, ഉളിയില്‍ എന്നിവിടങ്ങളിലായി നാല് വ്യാപാരസ്ഥാപനങ്ങളിലാണ് ഞായറാഴ്ച പരിശോധന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതുമായ സ്ഥാപനങ്ങളിലുമാണ് പോലീസ് സംഘം എത്തിയത്.

എന്നാല്‍ മട്ടന്നൂരില്‍ നടത്തിയ റെയ്ഡില്‍ ഒന്നും പിടിച്ചെടുത്തിരുന്നില്ല. അതേസമയം, ഹര്‍ത്താല്‍ അക്രമത്തില്‍ മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എട്ട് കേസുകളാണെടുത്തത്. ഇതില്‍ 10 പ്രതികള്‍ റിമാന്‍ഡിലാണ്. മറ്റ് പ്രതികള്‍ ഒളിവിലും.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!